കോഴിക്കോട് : കമ്മത്ത് ലെയിനിലെ ജൂവലറികളിൽനിന്ന് ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സഹോദരങ്ങളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. കോഴിക്കോട് പണിക്കർറോഡ് നാലുകുടിപ്പറമ്പ് പി.ടി. സഫർനാസ് (28), നടക്കാവ് പുതിയകടവ് ബീച്ച് റാഹ മറിയം ഹൗസിൽ പി.ടി. ഷെഫീഖ് (36) എന്നിവരെയാണ് പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കുന്നത്. 70 ദിവസത്തിലേറെയായി റിമാൻഡിൽ കഴിയുന്ന ഇരുവർക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് നാലാം തവണയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നീക്കം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിലവിൽ ഷെഫീഖ് കോഴിക്കോട് ജില്ലാ ജയിലിലും സഫർനാസ് കോഴിക്കോട് സബ് ജയിലിലുമാണ് കഴിയുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൗരവ് സുനിൽ പിലാത്തറ പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജയിലിലാണുള്ളത്. കൂട്ടുപ്രതികളായ ആബിദ്ഷാ, അജ്‌മൽ എന്നിവർ മുൻകൂർ ജാമ്യം നേടിയതിനെത്തുടർന്ന് പോലീസ് ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചിരുന്നു.
കമ്മത്ത് ലെയിനിൽ പ്രവർത്തിക്കുന്ന 11 സ്വർണക്കടകളിൽനിന്നായി ഏകദേശം ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണമാണ് പ്രതികൾ കവർന്നത്. വ്യത്യസ്ത കടയുടമകളുടെ പരാതിയിൽ ഇരുവർക്കുമെതിരെ ഏഴ് കേസുകൾ നിലവിലുണ്ട്. കടയിൽ എത്തിയ ഇടപാടുകാർക്ക് പുതിയ മോഡലുകൾ കാണിക്കാനെന്ന വ്യാജേനയാണ് സ്വർണക്കച്ചവടക്കാരനായ സഫർനാസ് കടകളിൽനിന്ന് ആഭരണങ്ങൾ വാങ്ങിക്കൊണ്ടുപോയത്. ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതായതോടെ കടയുടമകൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
സഹോദരങ്ങളായ സഫർനാസും ഷെഫീഖും ചേർന്ന് ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് കവർച്ച നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. തട്ടിയെടുത്ത സ്വർണം മുഴുവൻ സഫർനാസ് കൈമാറിയത് ഷെഫീഖിനാണെന്നും, ഇയാളാണ് സ്വർണം ഒളിപ്പിച്ചതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യത്തിന് ശേഷം സഫർനാസിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്തത് ഷെഫീഖും സൗരവ് സുനിലും ചേർന്നാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































