കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. തുടർന്ന് വ്യാഴാഴ്ചയാണ് മൊഴിയെടുത്തത്. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് നടപടി.
മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്നാണ് പതിനേഴുകാരൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചു. പ്രതി മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു; ഇത് ശരിവെക്കുന്നതാണ് പുതിയ മൊഴി. പ്രതി ബൈക്കോടിച്ച് സ്കൂളിൽ പോയിരുന്നുവെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി നേരത്തെ ആരോപിച്ചിരുന്നു. പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
അതേസമയം, പതിനേഴുകാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഹർജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. പ്രതിയെ ഒബ്സർവേഷൻ ഹോമിൽ അയക്കണമെന്നും ജാമ്യം നൽകിയത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറായതിനാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
നേരത്തെ, ജാമ്യത്തിനെതിരെ കുടുംബം നൽകിയ അപ്പീലുകൾ എറണാകുളം പ്രത്യേക സെഷൻസ് കോടതി തള്ളിയിരുന്നു. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു സെഷൻസ് കോടതിയുടെ നടപടി. ഗുരുതരമായ കുറ്റകൃത്യമല്ലെങ്കിൽ ജുവനൈലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നും, കുറഞ്ഞത് ഏഴ് വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് മാത്രമേ എഫ്ഐആർ ഇടാൻ സാധിക്കൂ എന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബർ 25-ന് പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. വീട്ടുകാരുടെ അറിവില്ലാതെ കാറെടുത്ത് പുറത്തിറങ്ങിയതാണെന്നും മഴയും ഇരുട്ടും കാരണം സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. തുടക്കത്തിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് കടുത്ത വിമർശനങ്ങളെത്തുടർന്ന് രാത്രി വൈകിയാണ് പോലീസ് പതിനേഴുകാരനെതിരെ നരഹത്യാവകുപ്പ് ചുമത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































