കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ അമൃത് പദ്ധതിയിലുൾപ്പെടുത്തി കോർപ്പറേഷൻ നിർമിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരെ (എസ്.ടി.പി.) ജനകീയ പ്രതിഷേധം ശക്തമായി. ശാന്തിനഗർ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വ്യവസായ എസ്റ്റേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. വ്യാഴാഴ്ച പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങളെത്തിച്ചതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ജില്ലാ കളക്ടറും മേയറും ചേർന്ന് യോഗം നടത്തിയ ശേഷം മാത്രം തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്ന് തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പ്ലാന്റ് നിർമാണം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് നാട്ടുകാർ ഒത്തുകൂടിയത്. നേരത്തെ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ എസ്.ടി.പി. നിർമിക്കാൻ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. മുൻപ് കോതി, ആവിക്കൽ ഭാഗങ്ങളിൽ നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതി ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കുകയും, പിന്നീട് വെസ്റ്റ്ഹില്ലിലേക്ക് മാറ്റാൻ തീരുമാനിക്കുകയുമായിരുന്നു.
പ്രതിഷേധ സ്ഥലത്ത് കൗൺസിലർ കെ. സരിത, ജനകീയ കൂട്ടായ്മ നേതാക്കളായ മുഹമ്മദ് ഷഫീഖ്, ടി.എം. മോണി, ആബിദ്, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ പോലീസും സ്ഥലത്തെത്തി. തുടർന്ന് കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ. ബിജോയ്, തഹസിൽദാർ സി. ശ്രീകുമാർ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ഈ ചർച്ചയ്ക്കൊടുവിലാണ് കളക്ടറും മേയറും ചേർന്ന് അടിയന്തര യോഗം വിളിക്കാനും അതുവരെ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കാനും തീരുമാനമായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































