കോഴിക്കോട് : മാങ്കാവ്-മേത്തോട്ടുതാഴം റോഡ് വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കാനായില്ല. ഫണ്ടില്ലാത്തതിനെത്തുടർന്ന് നിർമാണച്ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന ബജറ്റിൽ ടോക്കൺ തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. ഇതോടെ റോഡ് എന്ന് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനകീയ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
മിനിബൈപ്പാസിനെയും രാമനാട്ടുകര-വെങ്ങളം ദേശീയപാതയെയും ബന്ധിപ്പിക്കുന്ന ഈ റോഡിനായി അരനൂറ്റാണ്ടായി നാട്ടുകാർ കാത്തിരിക്കുകയാണ്. മാങ്കാവ് ശ്മശാനം മുതൽ മേത്തോട്ടുതാഴം വരെ രണ്ടുകിലോമീറ്ററിലേറെ നീളത്തിൽ 18 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിലാണ് 9.12 ഏക്കർ സ്ഥലം ഏറ്റെടുത്തത്. ഇതിനായി കോർപ്പറേഷൻ 31 കോടിയോളം രൂപ ചെലവഴിച്ചിരുന്നു. എന്നാൽ റോഡ് നിർമാണത്തിനായി 20 കോടിയിലേറെ രൂപ ഇനിയും ആവശ്യമുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നതായി സ്ഥിരംസമിതി അധ്യക്ഷ കവിത അരുൺ അറിയിച്ചു.
വിഷയത്തിൽ വി.കെ. ഫൈസൽ ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേരുകയും മന്ത്രിതലത്തിൽ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ റോഡിന്റെ ഡിസൈനും വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) തയ്യാറാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി.
റോഡ് വികസനം വൈകുന്നത് കൊമ്മേരി പ്രദേശത്തുള്ളവർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. മഴക്കാലത്ത് മുട്ടോളം വെള്ളത്തിലൂടെ വേണം നാട്ടുകാർക്ക് സഞ്ചരിക്കാൻ. രാത്രികാലങ്ങളിൽ ആശുപത്രി ആവശ്യങ്ങൾക്കുപോലും ഓട്ടോറിക്ഷ ലഭിക്കാത്ത അവസ്ഥയാണ്. 1973 മുതൽ റോഡ് വികസനം ചർച്ചയിലുണ്ടെങ്കിലും പലവിധ തടസ്സങ്ങളിൽപ്പെട്ട് നീണ്ടുപോവുകയാണെന്നും ഉടൻ നിർമാണം തുടങ്ങിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും കൊമ്മേരി ടോട്ടൽ ഡിവലപ്മെന്റ് പീപ്പിൾസ് അസോസിയേഷൻ പ്രസിഡന്റ് ഇ.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































