വടകര : ആവശ്യത്തിന് വെളിച്ചവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളുമില്ലാതെ വടകര അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ കടുത്ത പ്രതിസന്ധിയിൽ. ഇവിടത്തെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും മത്സ്യം കയറ്റാനെത്തുന്ന ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കമുള്ള ലോറി തൊഴിലാളികളും ഇതുകാരണം ഏറെ ബുദ്ധിമുട്ടുകയാണ്.
സെന്ററിലെ ഏക ആശ്രയമായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായിട്ട് ഒരു മാസത്തോളമായി. വെളിച്ചത്തിന് മറ്റ് സംവിധാനങ്ങളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ വള്ളങ്ങളിൽനിന്ന് മീൻ ഇറക്കുന്നതും വാഹനങ്ങളിൽ കയറ്റുന്നതും അതീവ ദുഷ്കരമാണ്. ഇരുട്ടായതിനാൽ സമീപത്ത് കിടക്കുന്ന മരക്കഷണങ്ങളും കമ്പികളും കാലിൽ തറച്ച് അപകടങ്ങളുണ്ടാകുന്നത് പതിവായിട്ടുണ്ട്. സെന്ററിന്റെ പല ഭാഗങ്ങളും കാടുമൂടിയ നിലയിലായതിനാൽ രാത്രിയിൽ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്.
ഇതിനുപുറമേ, സെന്ററിന്റെ നീളം കൂട്ടുന്നതിനായി വർഷങ്ങൾക്ക് മുൻപ് കൊണ്ടുവന്നിട്ട തെങ്ങുതടികൾ ലോറി പാർക്കിങ് ഏരിയയിൽ അട്ടിയിട്ടിരിക്കുന്നത് വലിയ തടസ്സമുണ്ടാക്കുന്നു. ഉപയോഗശൂന്യമായി നശിച്ച ഈ തടികൾക്ക് മുകളിലും കാടുകയറിയ അവസ്ഥയാണ്.
മൂന്നുവർഷം മുൻപ് ഇവിടെ ശൗചാലയം നിർമിച്ചെങ്കിലും വെള്ളമെത്തിക്കാൻ സംവിധാനമില്ലാത്തതിനാൽ ഇവ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതോടെ തൊഴിലാളികൾ പ്രാഥമികാവശ്യങ്ങൾക്കായി സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. മത്സ്യം കയറ്റിക്കഴിഞ്ഞാലുള്ള അവശിഷ്ടങ്ങൾ ഉടൻ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ അസഹനീയമായ ദുർഗന്ധം കാരണം പിറ്റേദിവസം ജോലി ചെയ്യാൻ സാധിക്കില്ല. നിലവിൽ ഒരു സ്വകാര്യവ്യക്തിയുടെ പക്കൽനിന്ന് വെള്ളം പമ്പുചെയ്താണ് താൽക്കാലികമായി ഈ പ്രശ്നം പരിഹരിക്കുന്നത്. മീൻ ഇറക്കുന്ന ഭാഗത്തെ കോൺക്രീറ്റ് വിള്ളലുകളിൽ മത്സ്യാവശിഷ്ടങ്ങൾ കുടുങ്ങി ദുർഗന്ധം വമിച്ചപ്പോൾ തൊഴിലാളികൾ സ്വന്തം ചെലവിലാണ് ഇവ ഭാഗികമായി അടച്ചത്.
മുന്നൂറോളം വള്ളങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ മത്സ്യത്തൊഴിലാളികളും നൂറിലേറെ അനുബന്ധ തൊഴിലാളികളും ആശ്രയിക്കുന്ന കേന്ദ്രമാണിത്. ബെർത്തിങ് ജെട്ടി, മത്സ്യം കയറ്റുന്നതിനുള്ള പ്ലാറ്റ്ഫോം, ലേലപ്പുരയോട് ചേർന്നുള്ള ലോക്കർ റൂം, പാർക്കിങ് ഏരിയ, സെക്യൂരിറ്റി റൂം, കുടിവെള്ള വിതരണ ശൃംഖല എന്നിവ ഉൾപ്പെടുത്തി സെന്റർ വികസിപ്പിക്കാൻ നേരത്തേ റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും ഭരണാനുമതി ലഭിച്ച് പ്രവൃത്തികൾ യാഥാർഥ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































