രാമനാട്ടുകര : ചെറുവണ്ണൂർ മേൽപ്പാലത്തിലും ദേശീയപാത 66-ൽ അറപ്പുഴ പാലത്തിലും ഗർഡറുകൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ചെറുവണ്ണൂരും പരിസര പ്രദേശങ്ങളിലും യാത്രാദുരിതം രൂക്ഷമായി. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുവണ്ണൂർ റോഡ് പൂർണമായി അടച്ചതോടെ കോഴിക്കോട് നഗരത്തിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതം പെരുവഴിയിലായിരിക്കുകയാണ്. ചൊവ്വാഴ്ച എട്ടു ഗർഡറുകൾ സ്ഥാപിച്ച ഇവിടെ പത്ത് ഗർഡറുകൾകൂടി ഇനി ഉറപ്പിക്കാനുണ്ട്. വ്യാഴാഴ്ച രാത്രിയോടെ പണികൾ പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
റോഡ് അടച്ചതിനെത്തുടർന്ന് വാഹനങ്ങൾ തിരിച്ചുവിട്ട ഇടുങ്ങിയ ബദൽറോഡുകളിൽ രാവിലെയും വൈകീട്ടും വലിയ തോതിലുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. കോയാസ് ആശുപത്രിക്ക് സമീപത്തുനിന്നും കൊളത്തറ-സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പാതയിലൂടെയും കൂടുതൽ വലിയ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയത് കുരുക്കിന്റെ വ്യാപ്തി വർധിപ്പിച്ചു. കൂടാതെ, കോഴിക്കോട് നിന്നുള്ള ബസുകൾ ചെറുവണ്ണൂർ വരെയും ഫറോക്ക് ഭാഗത്തുനിന്നുള്ളവ ടി.പി. റോഡ് ജങ്ഷൻ വരെയും മാത്രം സർവീസ് നടത്തുന്നതിനാൽ സാധാരണക്കാരായ യാത്രക്കാർക്ക് കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നു.
ദേശീയപാത 66-ൽ അറപ്പുഴ പാലത്തിന് സമീപമുള്ള നിർമാണ പ്രവൃത്തികളും ഗതാഗത സംവിധാനത്തെ താറുമാറാക്കിയിട്ടുണ്ട്. ആകെയുള്ള 24 ഗർഡറുകളിൽ രണ്ടെണ്ണം മാത്രമാണ് ഇതുവരെ സ്ഥാപിക്കാൻ സാധിച്ചത്. അപകടസാധ്യതയേറിയ ഈ ജോലികൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നതിനാൽ വരുംദിവസങ്ങളിലും ഗതാഗതക്കുരുക്ക് തുടരാനാണ് സാധ്യത. ഇതുകൂടാതെ തൊണ്ടയാട്, പൊറ്റമ്മൽ, പന്തീരാങ്കാവ്-മാങ്കാവ് റോഡുകളിലും നഗരത്തിലേക്കുള്ള മറ്റു പ്രവേശന പാതകളിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്. മേഖലയിൽ കൂടുതൽ പോലീസിനെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































