കൊയിലാണ്ടി: മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ആശ്രയകേന്ദ്രമായ നന്തി ശ്രീശൈലം ആശാ നികേതനിലേക്കുള്ള സർവീസ് റോഡ് നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തോടെ ആശാനികേതനിലേക്കുള്ള വഴി പൂർണമായി തടസ്സപ്പെട്ടിരുന്നു. തുടർന്ന് അന്തേവാസികളും ഇവിടുത്തെ ജീവനക്കാരും നടത്തിയ സഹനസമരമാണ് റോഡ് നിർമാണത്തിന് വഴിയൊരുക്കിയത്.
പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ പി.ടി. ഉഷ എം.പി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ ഇടപെട്ട് ആറുകോടി 40 ലക്ഷം രൂപ റോഡ് നിർമാണത്തിനായി അനുവദിപ്പിച്ചു. സൈഡ് വാൾ കെട്ടി ഉയർത്തിയാണ് പുതിയ റോഡിന്റെ നിർമാണം നടക്കുന്നത്. ആറുവരി ദേശീയപാതയിൽനിന്ന് ആശാനികേതനിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുന്നവിധം ആവശ്യത്തിന് ഉയരത്തിലാണ് ഇത് സജ്ജമാക്കുന്നത്. റോഡ് പൂർത്തിയാകുന്നതോടെ ഭിന്നശേഷിക്കാരായ അന്തേവാസികളെ എത്തിക്കുന്ന വാഹനങ്ങൾക്കും മറ്റ് യാത്രാവാഹനങ്ങൾക്കും പ്രയാസമില്ലാതെ യാത്ര സാധ്യമാകും.
നേരത്തേ നന്തി ശ്രീശൈലം കുന്ന് മുറിച്ചുമാറ്റിയ ഭാഗത്ത് സർവീസ് റോഡോ ഓവർബ്രിഡ്ജോ ഇല്ലെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. സർവീസ് റോഡ് ഇല്ലാത്തപക്ഷം സ്ഥാപനത്തിന്റെ പ്രവർത്തനം തന്നെ സ്തംഭിക്കുകയും ആശാനികേതൻ പൂട്ടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുമായിരുന്നു.
അനാഥരെയും ഭിന്നശേഷിക്കാരെയും സംരക്ഷിക്കാനായി 1977 ഓഗസ്റ്റ് ആറിന് ഇംഗ്ലീഷുകാരിയായ ക്രിസ് ആൽഡറാണ് നന്തി ആശാനികേതൻ സ്ഥാപിച്ചത്. നന്തിക്ക് പുറമേ ബെംഗളൂരു, കൊൽക്കത്ത, അസൻസോൾ, ചെന്നൈ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. ബൈപ്പാസ് നിർമാണത്തിനായി തങ്ങളുടെ 10 ഏക്കർ സ്ഥലത്തിൽനിന്ന് മൂന്ന് ഏക്കറോളം സ്ഥലം ആശാനികേതൻ വിട്ടുനൽകിയിരുന്നു. 14 മുതൽ 82 വയസ്സുവരെയുള്ള 75 അന്തേവാസികളാണ് നിലവിൽ ഇവിടെയുള്ളത്. പുതിയ സർവീസ് റോഡ് യാഥാർഥ്യമാകുന്നതോടെ ഇവിടുത്തെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































