ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ രണ്ടാംഘട്ട ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ ഒൻപത് രാത്രി 10 മണി മുതൽ നവംബർ 12 രാത്രി 12 വരെ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ പതിനെട്ട് ഗർഡറുകളാണ് പാലത്തിൽ സ്ഥാപിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കായി വിപുലമായ ബദൽ ഗതാഗത ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.
ചരക്കുവാഹനങ്ങൾ, കണ്ടെയ്നർ വാഹനങ്ങൾ, മൾട്ടി ആക്സിൽ ബസുകൾ എന്നിവ വെങ്ങളം-രാമനാട്ടുകര ദേശീയപാത 66 വഴിയാണ് കടന്നുപോകേണ്ടത്. മലപ്പുറം, കൊണ്ടോട്ടി, തൃശ്ശൂർ, യൂണിവേഴ്സിറ്റി ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പന്തീരാങ്കാവ്-തൊണ്ടയാട് വഴി നഗരത്തിൽ പ്രവേശിക്കണം. കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ ഫറോക്ക് ചുങ്കം വഴി അഴിഞ്ഞിലം ജങ്ഷനിലെത്തി പന്തീരാങ്കാവ്-തൊണ്ടയാട് വഴി യാത്ര തുടരണം. നഗരത്തിൽനിന്ന് മലപ്പുറം, തൃശ്ശൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തൊണ്ടയാട് ദേശീയപാത 66 ഉപയോഗിക്കണം.
ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽനിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരീക്കാട്-ഒളവണ്ണ-പന്തീരാങ്കാവ് വഴിയും, പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽനിന്നുള്ളവ മാങ്കാവ്-മാത്തറ-പന്തീരാങ്കാവ് വഴിയും സഞ്ചരിക്കേണ്ടതാണ്. പാലക്കാട്, തൃശ്ശൂർ ഭാഗങ്ങളിൽനിന്നുള്ള ദീർഘദൂര ബസുകൾ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം പന്തീരാങ്കാവ് ദേശീയപാത വഴി നഗരത്തിലേക്ക് കടക്കണം. തിരുവനന്തപുരം-എറണാകുളം-കാസർകോട് റൂട്ടിലെ കെ.എസ്.ആർ.ടി.സി. ബസുകൾ ദേശീയപാത 66 വഴി സർവീസ് നടത്തും.
മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വേങ്ങര, തിരൂർ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ചശേഷം എയർപോർട്ട് റോഡ് ജങ്ഷൻ-പന്തീരാങ്കാവ്-മാത്തറ-മാങ്കാവ് വഴി നഗരത്തിലെത്തണം. നഗരത്തിൽനിന്ന് തിരികെപ്പോകുന്ന ബസുകൾ മീഞ്ചന്ത-അരീക്കാട്-ഒളവണ്ണ-പന്തീരാങ്കാവ്-രാമനാട്ടുകര വഴി സഞ്ചരിക്കണം. കടലുണ്ടി, ചാലിയം, കരുവൻതിരുത്തി, ഫറോക്ക് ഭാഗങ്ങളിൽനിന്നുള്ള സിറ്റി ബസുകൾ കോയാസ് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയും അവിടുന്ന് യാത്ര ആരംഭിക്കുകയും ചെയ്യും. നഗരത്തിൽനിന്നുള്ള സിറ്റി ബസുകൾ ചെറുവണ്ണൂർ ജങ്ഷനു സമീപവും ബേപ്പൂർ-ബി.സി. റോഡ് വഴിയുള്ള ബസുകൾ കൊളത്തറ റോഡിലും സർവീസ് അവസാനിപ്പിക്കണം. ടോൾപ്ലാസയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് മുൻകരുതലുകൾ സ്വീകരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































