തിരുവനന്തപുരം: കോൺഗ്രസിനെ നാണംകെടുത്തിയ ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്. രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്. പാളയം പ്രദീപിൻറെയും എസ് സജാദിൻറെയും സസ്പെൻഷൻ പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസും പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡൻറിനെ കണ്ടാണ് രമ്യ ഹരിദാസ് ഉറപ്പു നൽകിയത്. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.
പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന - പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്.
പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു എം എൽ എ. 21-5 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്നത്തെ തിയ്യതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നൽകാനാവശ്യപ്പെട്ട് മടക്കി. സെക്രട്ടറി അവധിയായതിനാൽ കത്ത് ഓഫീസിലേൽപ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാൻ ഓഫീസ് ആവശ്യപ്പെട്ടു.
പാളയം പ്രദീപ് നേരത്തേ മുതൽ തൻറെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിൻറെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് മുന്നിൽ രമ്യ ഹരിദാസ് വഴങ്ങുകയായിരുന്നു. ചിറയിൻകീഴ് രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളി വൻ വിവാദമായിരുന്നു. സംഭവത്തിൽ എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ തന്നെ നേതാക്കൾ വിമർശനം ഉന്നയിച്ചു. ചിറയൻകീഴിൽ കോൺഗ്രസ് നേതാവിൻറെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ രണ്ടിടത്ത് കോൺഗ്രസ് തോൽക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































