വടകര : നഗരമധ്യത്തിൽ ഏക്കറുകളോളം വിശാലമായ മൈതാനമുണ്ടായിട്ടും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലാതെ വടകര നാരായണനഗരം മൈതാനം അവഗണനയിൽ. ദിശ കായിക പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ, സ്കൂൾ കായികതാരങ്ങൾ, ദിനംപ്രതിയെത്തുന്ന പ്രഭാതസവാരിക്കാർ എന്നിവരടക്കം നൂറുകണക്കിന് ആളുകളാണ് ഗ്രൗണ്ടിലെ പരിമിതികൾ കാരണം വലയുന്നത്.
സമീപത്തെ ഇൻഡോർ സ്റ്റേഡിയ നിർമാണത്തിന്റെ ഭാഗമായി തള്ളിയ അവശിഷ്ടങ്ങളും കരിങ്കൽ കഷണങ്ങളും ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ കാടുമൂടി കിടക്കുകയാണ്. ഇത് പരിശീലനത്തിനെത്തുന്ന കുട്ടികൾക്ക് വലിയ അപകടഭീഷണിയാകുന്നു. മഴ പെയ്താൽ ചെളിക്കളമാകുന്ന മൈതാനത്തിന് ചുറ്റും കാടുപിടിച്ചതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. ഗ്രൗണ്ടിലെ അവശിഷ്ടങ്ങളും കാടും നീക്കം ചെയ്താൽ കൂടുതൽ ഭാഗം പരിശീലനത്തിനായി പ്രയോജനപ്പെടുത്താൻ സാധിക്കും. കൂടാതെ സ്കൂൾ കായികമേളകൾക്ക് ആവശ്യമായ ഒരു സംവിധാനവും ഇവിടെ നിലവിലില്ല.
മൈതാനത്തിലേക്കുള്ള വഴിസൗകര്യവും യാത്രാദുരിതം വർധിപ്പിക്കുന്നു. നിലവിൽ പ്രവേശനം സാധ്യമായ തിരുവള്ളൂർ റോഡ് പൂർണമായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ദേശീയപാതയിൽ നിന്ന് ഗ്രൗണ്ടിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന വഴി പൂർണമായി അടച്ചിട്ടിരിക്കുന്നതിനാൽ ബസിറങ്ങി വരുന്നവർ ഏറെ ചുറ്റിത്തിരിഞ്ഞാണ് മൈതാനത്തെത്തുന്നത്. എത്രയും വേഗം മൈതാനം ശുചീകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം നാട്ടുകാരിലും കായികപ്രേമികളിലും ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































