കൊയിലാണ്ടി : ഫണ്ട് ലഭിക്കാൻ വൈകിയതിനെ തുടർന്ന് മൂന്നുമാസത്തോളമായി മുടങ്ങിക്കിടന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണം പുനരാരംഭിച്ചു. കരാർ കമ്പനിയായ ബെംഗളൂരുവിലെ ആർ.കെ. ഇൻഫ്രാസ്ട്രക്ച്ചർ അധികൃതർ സാമ്പത്തിക തടസ്സങ്ങൾ പരിഹരിച്ചതോടെയാണ് പണി വീണ്ടും തുടങ്ങിയത്. രണ്ടു മൂന്ന് ദിവസത്തിനകം കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമാണം പൂർണതോതിലാക്കുമെന്നും അവർ വ്യക്തമാക്കി.
കിഫ്ബി പദ്ധതിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് താഴത്തെ നില ഉൾപ്പെടെ നാലുനിലകളുള്ള ബഹുനില കെട്ടിടം നിർമിക്കുന്നത്. പുതിയ ബ്ലോക്കിലേക്ക് നിലവിലെ കെട്ടിടത്തിൽനിന്ന് പാത്ത്വേ സൗകര്യവുമുണ്ടാകും. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ നിർദേശമുണ്ടായിരുന്ന കെട്ടിടം സജ്ജമാകുന്നതോടെ ആശുപത്രി ഘട്ടംഘട്ടമായി ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇത് 1972-ലെ സ്റ്റാഫ് പാറ്റേൺ നിലനിൽക്കുന്ന ഇവിടെ ജീവനക്കാരുടെ എണ്ണം വർധിക്കാൻ വഴിയൊരുക്കും. എന്നാൽ, നിർമാണത്തിനായി പഴയ മോർച്ചറി പൊളിച്ചുനീക്കിയതും പകരം താത്കാലിക സംവിധാനം ഒരുക്കുന്നത് നീണ്ടുപോകുന്നതും നിലവിൽ പോസ്റ്റ്മോർട്ടം തടസ്സപ്പെടാൻ കാരണമായിട്ടുണ്ട്.
അതേസമയം, ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാകെയർ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ആദ്യത്തെ നിർണായക മണിക്കൂറിൽ ('ഗോൾഡൻ അവർ') വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ മാത്രമാണ് ആശ്രയിക്കുന്നത്. ദേശീയപാതയിലെ അപകടങ്ങൾക്ക് പുറമെ കടൽ-തീവണ്ടി അപകടങ്ങൾ പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ന്യൂറോ സർജറി, കാർഡിയോളജി ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും ബ്ലഡ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങളും കൊയിലാണ്ടിയിൽ അത്യന്താപേക്ഷിതമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































