പേരാമ്പ്ര: ജനവാസമേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് കഴുക്കോട് വയലിൽ നെൽക്കൃഷി ചെയ്യാൻ കഴിയാതെ കർഷകർ ദുരിതത്തിൽ. അഞ്ചേക്കറോളം വരുന്ന പാടശേഖരത്ത് ഞാറ്റടി തയ്യാറാക്കാനായി വിത്തിട്ട സ്ഥലത്താണ് പന്നിക്കൂട്ടമിറങ്ങി ഉഴുതുമറിച്ചതുപോലെ വലിയ നാശനഷ്ടം വരുത്തിവെച്ചത്. ജലദൗർലഭ്യം കാരണം ഒരുവിള മാത്രം കൃഷി ചെയ്യുന്ന ഈ പ്രദേശത്ത് കഴിഞ്ഞവർഷവും വിളവെടുപ്പിനോടടുത്ത സമയത്ത് പന്നികൾ വ്യാപകമായി നെൽക്കൃഷി നശിപ്പിച്ചിരുന്നു.
മുയിപ്പോത്ത് നെല്ലിയോട്ടുപൊയിൽ ഫൈസലിന്റെ രണ്ടേക്കർ സ്ഥലത്തെ വിത്തുകളാണ് പന്നികൾ പ്രധാനമായും നശിപ്പിച്ചത്. പാരമ്പര്യ ഇനങ്ങളായ രക്തശാലി, കയമ, മല്ലിക്കുറുവ എന്നിവയ്ക്ക് പുറമെ ചുവന്ന ത്രിവേണി, സുപ്രിയ തുടങ്ങിയ നെൽവിത്തുകളും പൂർണ്ണമായും നഷ്ടമായി. നിലമൊരുക്കാനും ഞാറ്റടിക്കുമായി വലിയ തുക ചെലവഴിച്ച കർഷകന് ഇതോടെ ഭാരിച്ച സാമ്പത്തിക നഷ്ടമാണുണ്ടായത്. കഴിഞ്ഞ തവണ ഇദ്ദേഹത്തിന്റെ 50 സെന്റിലെ വിളഞ്ഞ കയമ കൃഷിയും പന്നികൾ നശിപ്പിച്ചിരുന്നു. ഇത്തവണ നൂൽക്കമ്പിയും തുണിമറയും കെട്ടി സംരക്ഷണം ഒരുക്കിയിട്ടും പന്നിശല്യം തടയാനായില്ല. പാറക്കണ്ടി കുഞ്ഞിക്കണ്ണൻ, ആപ്പാംകുഴിയിൽ കൃഷ്ണൻ, ഒതയോത്ത് അനീഷ് തുടങ്ങിയ കർഷകരുടെയും കൃഷി നശിച്ചിട്ടുണ്ട്.
40 ഹെക്ടറോളം വിസ്തൃതിയുള്ള കഴുക്കോട് വയൽ പാടശേഖരത്തിൽ 45-ഓളം കർഷകരാണ് 25 ഹെക്ടറിലായി മകരക്കൃഷി ഇറക്കുന്നത്. ഒക്ടോബറിൽ വിത്തിട്ട് ഫെബ്രുവരിയിൽ കൊയ്തെടുക്കുന്ന രീതിയാണിവിടെ. എന്നാൽ കാട്ടുപന്നി ശല്യത്തിന് പുറമെ കടുത്ത ജലദൗർലഭ്യവും കർഷകരെ വലയ്ക്കുന്നുണ്ട്. വേനൽക്കാലത്ത് പാടത്തേക്ക് വെള്ളമെത്തിക്കുന്ന ശാലാപുരം തുറയിൽ ചല്ലി നിറഞ്ഞതോടെ വെള്ളം സംഭരിക്കപ്പെടാത്ത അവസ്ഥയിലാണ്. കർഷകരുടെ പരാതിയെത്തുടർന്ന് കൃഷിഭവനും പഞ്ചായത്തും ചേർന്ന് പന്നികളെ വെടിവെച്ചു കൊല്ലാൻ ഷൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പന്നികളെ കണ്ടെത്താനായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































