കോഴിക്കോട്: റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിക്കുന്നത് പതിവാക്കിയതോടെ, ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി റോഡ് വീതികൂട്ടാനായി സ്ഥലം ഏറ്റെടുത്തു. കോഴിക്കോട് മലാപ്പറമ്പ് - വെള്ളിമാടുകുന്ന് റോഡിൽ പാറോപ്പടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മലാപ്പറമ്പ് - വെള്ളിമാടുകുന്ന് പാത നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി, പാറോപ്പടി പള്ളിക്കു സമീപമുള്ള 6.5 സെന്റ് ഭൂമിയാണ് അവിടെ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ കടുത്ത എതിർപ്പ് മറികടന്ന് അധികൃതർ ഏറ്റെടുത്തത്.
മേഖലയിൽ റോഡുപണി ഉടൻ ആരംഭിക്കാനിരിക്കെ, ഉദ്യോഗസ്ഥരെ നായ്ക്കളെവിട്ട് പേടിപ്പിക്കുന്നതിനാൽ പ്രദേശത്ത് നോട്ടീസ് പോലും പതിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതേത്തുടർന്ന് കളക്ടറുടെ പ്രത്യേക ഉത്തരവുപ്രകാരം കോഴിക്കോട് തഹസിൽദാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി നിയോഗിക്കുകയും, പോലീസിനും വനിതാ ശിശു സംരക്ഷണ ഉദ്യോഗസ്ഥർക്കും ഒപ്പം പട്ടിപിടിത്തക്കാരെ ഉൾപ്പെടെ സന്നാഹങ്ങളോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സ്ഥലത്തെത്തിക്കുകയുമായിരുന്നു.
നഗരപാത പദ്ധതി സ്പെഷ്യൽ തഹസിൽദാർ വി. ദിലീപിന്റെ നേതൃത്വത്തിലുള്ള റവന്യൂ - പൊതുമരാമത്ത് സംഘം എത്തിയതോടെ സ്ത്രീകൾ അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തു. ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ചെറുത്തുനിൽപ്പ് തുടർന്നു. ഒടുവിൽ പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുകയായിരുന്നു. പട്ടിപിടിത്തക്കാരെ കണ്ടതോടെ വീട്ടിലുണ്ടായിരുന്ന തെരുവുനായ്ക്കളെ ഇവർ വീടിനുള്ളിലേക്ക് മാറ്റി. പ്രദേശവാസികൾക്കും ഉദ്യോഗസ്ഥർക്കും നേരെ നിരന്തരം നായ്ക്കളെ തുറന്നുവിട്ട് ഭീതി സൃഷ്ടിച്ചിരുന്ന ഈ വീട്ടിൽ നിന്ന് മുൻപും കോർപ്പറേഷൻ അധികൃതർ പട്ടികളെ പിടികൂടിയിരുന്നു.
ഭൂമിയുടെ ഉടമസ്ഥതാ രേഖകൾ ഹാജരാക്കാത്തതിനാൽ 92 ലക്ഷം രൂപ ഇവരുടെ പേരിൽ കോടതിയിൽ കെട്ടിവെച്ചിട്ടുണ്ട്. രേഖ നൽകിയാൽ തുക കൈപ്പറ്റാമെങ്കിലും, റോഡിന്റെ അലൈൻമെന്റ് തങ്ങളുടെ വസ്തുവിലൂടെയല്ല പോകുന്നതെന്ന നിലപാടിൽ ഇവർ ഉറച്ചുനിൽക്കുകയാണ്. 1982-ൽ അമ്മയ്ക്ക് ഇഷ്ടദാനമായി ലഭിച്ച 15 സെന്റ് ഭൂമിയിൽ വീടൊഴികെയുള്ള 6.5 സെന്റാണ് സർക്കാർ ഏറ്റെടുത്തത്. വൈകുന്നേരം അഞ്ചു മണിയോടെ മരങ്ങൾ മുറിച്ചുമാറ്റി ഏറ്റെടുക്കൽ പൂർത്തിയാക്കി. നിരന്തരം ഒറ്റപ്പെട്ടു കഴിയുന്ന ഈ സ്ത്രീകൾക്ക് കൗൺസലിങ് നൽകി മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































