കോഴിക്കോട്: ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാൻ ആളില്ലാതെ സ്വകാര്യ ആശുപത്രിയിൽ ഒറ്റപ്പെട്ടുപോയ എഴുപതുകാരിയായ ശോഭയെ ഒടുവിൽ മകനും മാനേജരും ചേർന്ന് കൂടെക്കൂട്ടി. ഒക്ടോബർ 24-ന് തന്നെ ഡിസ്ചാർജ് ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും ബന്ധുക്കളാരും എത്താതിരുന്നതിനെത്തുടർന്ന് ആശുപത്രി അധികൃതർ കളക്ടർക്കും പോലീസിനും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് അധികൃതർ നടത്തിയ ശക്തമായ ഇടപെടലിനൊടുവിലാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ കൊയിലാണ്ടി ആനക്കുളം സ്വദേശിനിയായ ശോഭയെ മകൻ ശ്രീജിത്തും മാനേജർ സുരേഷും ചേർന്ന് ആശുപത്രിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്.
വലതുപാദത്തിലെ മുറിവ് ഗുരുതരമായി പുഴുവരിച്ച നിലയിൽ ഒക്ടോബർ 12-നാണ് ശോഭയെ മകൻ കോഴിക്കോട്ടെ പി.വി.എസ്. സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം മകൻ അവിടെനിന്ന് പോവുകയും തുടർ കാര്യങ്ങൾക്ക് മാനേജരെ ബന്ധപ്പെടാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയുമായിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജിന് സമയമായിട്ടും ഇരുവരും ശോഭയെ കൊണ്ടുപോകാൻ തയ്യാറാകാതിരുന്നതോടെയാണ് വിഷയം നിയമനടപടികളിലേക്ക് നീണ്ടത്.
ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച ടൗൺ പോലീസ് എസ്.എച്ച്.ഒ. ബന്ധുക്കളുമായി സംസാരിക്കുകയും തിങ്കളാഴ്ച സാമൂഹികനീതി വകുപ്പിലെയും കളക്ടറേറ്റിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ശോഭയെ സന്ദർശിച്ച് മാനേജരുമായി ചർച്ച നടത്തുകയും ചെയ്തു. ശോഭയെ മക്കളുടെ കൂടെ മാത്രമേ അയക്കാവൂ എന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിയ മകനും മാനേജരും ചേർന്ന് ശോഭയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന ഉറപ്പ് എഴുതിനൽകിയ ശേഷമാണ് മടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































