കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ നിലവിലുള്ള കരാർ കമ്പനിയായ അലിഫ് ബിൽഡേഴ്‌സിനെ ഒഴിവാക്കി വീണ്ടും ലേലത്തിൽ നൽകാൻ കെ.ടി.ഡി.എഫ്.സി. ആലോചിക്കുന്നു. കെട്ടിടം പൂർണ്ണമായി കൈമാറിക്കിട്ടാത്തതിനാൽ തങ്ങളുടെ കൈവശമല്ല ഉള്ളതെന്ന് അലിഫ് ബിൽഡേഴ്‌സ് ഹൈക്കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ടെൻഡർ വിളിക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്. കോടതി വിധി തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഇതിനിടെ ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ വിദഗ്ദ്ധർ നിർദ്ദേശിച്ചപ്രകാരം 6.50 കോടി രൂപ മുടക്കി കെ.ടി.ഡി.എഫ്.സി. തന്നെ കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
സർക്കാർ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തി ടെർമിനൽ അലിഫ് ബിൽഡേഴ്‌സിന് കൈമാറേണ്ടതില്ലെന്നാണ് ഗതാഗതവകുപ്പിന്റെ ഉറച്ച നിലപാട്. പുതിയ ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. നിലവിലെ ഗതാഗതസെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനാലാണ് യോഗം അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചത്. അതേസമയം, മൂന്ന് നിലകൾ ഏറ്റെടുത്ത് വാടക പിരിക്കുന്നതിനാൽ 2021 ഓഗസ്റ്റ് മുതലുള്ള ആ തുക കെ.ടി.ഡി.എഫ്.സിക്ക് നൽകാൻ അലിഫ് ബിൽഡേഴ്‌സിന് ബാധ്യതയുണ്ട്. 17 കോടി രൂപയുടെ തിരിച്ചുനൽകാത്ത നിക്ഷേപത്തിലും പ്രതിമാസം 43 ലക്ഷം രൂപ വാടകയിലുമാണ് കമ്പനി കെട്ടിടം ലേലത്തിനെടുത്തിരുന്നത്.
അഞ്ചു വർഷം കൊണ്ട് 87 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് സർക്കാരിന് ഈ പദ്ധതി മൂലം ഉണ്ടായിട്ടുള്ളത്. 2015-ൽ 74.79 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ടെർമിനൽ 2021-ലാണ് അലിഫ് ബിൽഡേഴ്‌സിന് ലേലത്തിൽ നൽകിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന് ഇതിൽ നിന്നും യാതൊരു വരുമാനവും ലഭിച്ചിട്ടില്ല. ചതുരശ്ര അടിക്ക് 30 രൂപ നിരക്കിലാണ് മുൻപ് കെട്ടിടം ലേലം ചെയ്തതെങ്കിലും നിലവിൽ മാവൂർ റോഡിൽ 70 മുതൽ 100 രൂപ വരെ നിരക്കുണ്ട്. ബലക്ഷയം പരിഹരിച്ച ശേഷം പുനർലേലം നടത്തിയാൽ വലിയ തുക വാടകയായി സമാഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എന്നാൽ പുനർലേല നടപടികളുമായി മുന്നോട്ടുപോയാൽ അലിഫ് ബിൽഡേഴ്‌സ് വീണ്ടും കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. വിഷയം വീണ്ടും നിയമക്കുരുക്കിൽപ്പെട്ടാൽ സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഇനിയും വർദ്ധിക്കും. മുൻപ് മദ്രാസ് ഐ.ഐ.ടി. നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതും 32 കോടി രൂപയുടെ അറ്റകുറ്റപ്പണികൾ നിർദ്ദേശിച്ചതും. പിന്നീട് നിയോഗിച്ച മൂന്നാമത്തെ സമിതിയാണ് അറ്റകുറ്റപ്പണി തുക 6.50 കോടി രൂപയായി ചുരുക്കി നിർദ്ദേശിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































