കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി മെഡലുകളുടെ ചരിത്രവും പഴമയുടെ കൗതുകങ്ങളും കോർത്തിണക്കി ഒരുക്കിയ അപൂർവ പ്രദർശനം താരങ്ങൾക്കും കാണികൾക്കും വേറിട്ട അനുഭവമായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജിതിനം രാധാകൃഷ്ണൻ കോഴിക്കോട് എൻ.ഐ.ടി.യിൽ ഒരുക്കിയ പ്രദർശനത്തിൽ കേരളത്തിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും കായികതാരങ്ങൾക്ക് ലഭിച്ച മെഡലുകളും ചരിത്രമൂല്യമുള്ള നിരവധി വസ്തുക്കളുമാണ് പ്രദർശിപ്പിച്ചത്. ഒരാഴ്ചക്കാലം നീണ്ടുനിന്ന പ്രദർശനം ആയിരക്കണക്കിന് വിദ്യാർഥികൾക്കും കായികപ്രേമികൾക്കും കൗതുകക്കാഴ്ചയായി.
കായികമേളയുടെ പശ്ചാത്തലത്തിൽ മെഡലുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയായിരുന്നു പ്രദർശനം. വിവിധ മത്സരങ്ങളിൽ വിജയികൾക്ക് ലഭിച്ച മെഡലുകളും സർക്കാർ ചിഹ്നങ്ങൾ ആലേഖനം ചെയ്ത പുരസ്കാരങ്ങളും പുതിയ തലമുറയ്ക്ക് കായികചരിത്രത്തിലേക്ക് പുതിയ അറിവുകൾ പകർന്നുനൽകി. മെഡലുകൾക്ക് പുറമെ ഇന്ത്യ, ജർമനി, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിർമിച്ച ഇരുപതു മുതൽ നൂറു വർഷം വരെ പഴക്കമുള്ള അപൂർവ ക്യാമറകൾ, ബ്രിട്ടീഷുകാർ ജയിലുകളിൽ ഉപയോഗിച്ചിരുന്ന ചെറിയ ഇസ്തിരിപ്പെട്ടി, കുത്തുവിളക്ക്, മാടമ്പിവിളക്ക്, വിളക്കുമാടം, കപ്പൽവിളക്ക് തുടങ്ങിയവയും ശേഖരത്തിലുണ്ടായിരുന്നു.
കൂടാതെ, അറുനൂറ് വർഷം പഴക്കമുള്ള ചിന്നഭരണി, നൂറു വർഷം പഴക്കമുള്ള ക്ലോക്കുകൾ, മെതിയടി, ചൂടിക്കുടം, തിരുവിതാംകൂറിലെയും മലബാറിലെയും വിവിധതരം കാൽച്ചിലമ്പുകൾ, ചെല്ലപ്പെട്ടികൾ, എഴുത്താണി, വാൽക്കണ്ണാടി, ചോറ് വാർക്കുന്ന അരിപ്പ, നെല്ല് കോരുന്ന മരക്കോരി, പൂജയ്ക്കുപയോഗിക്കുന്ന ആവണപ്പലക, വെള്ളിക്കോൽക്കുഴൽ, ലോഹപ്പേഴ്സ്, വാളുറകൾ തുടങ്ങി പഴയകാല ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്തുക്കളും പ്രദർശനത്തിനുണ്ടായിരുന്നു.
ബ്രിട്ടണിലെ വില്യം നാലാമൻ മുതൽ ജോർജ് ആറാമൻ വരെയുള്ള ഭരണകാലങ്ങളിലെ 1,200-ലേറെ നാണയങ്ങളും കൊച്ചി, തിരുകൊച്ചി പ്രദേശങ്ങളിലെ സ്റ്റാമ്പ് പേപ്പറുകളും ഈ ശേഖരത്തിന്റെ സവിശേഷതയാണ്. സ്റ്റാമ്പ് ശേഖരണത്തിലൂടെയും നാണയശേഖരണത്തിലൂടെയും യാത്ര ആരംഭിച്ച ജിതിനം രാധാകൃഷ്ണൻ, വിവിധ മേഖലകളിലെ പഴമയുടെ ചരിത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്. കായികമേളയുടെ സമാപനത്തോടെ ഈ പ്രദർശനത്തിനും തിരശ്ശീല വീണു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































