കോഴിക്കോട് : യുവജനങ്ങൾക്കായി വിവാഹ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പു നൽകിയപ്പോൾ കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികൾ പരമാവധി ആയിരംപേരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം കാറ്റിൽപ്പറത്തി ഏഴായിരത്തോളം ആളുകളാണ് ക്യാമ്പിലേക്ക് ഒഴുകിയെത്തിയത്. സൗജന്യമായി സംഘടിപ്പിച്ച രജിസ്ട്രേഷൻ ക്യാമ്പിന്റെ നോട്ടീസ് പ്രചരിച്ച് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകൾ വഴി ജില്ലകൾ കടന്നതോടെ വിദൂരസ്ഥലങ്ങളിൽ നിന്നുവരെ ഞായറാഴ്ച പുലർച്ചെ തന്നെ ആളുകൾ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടി.
കരുതിയിരുന്ന 1,500 അപേക്ഷാ ഫോമുകൾ നിമിഷനേരം കൊണ്ട് തീർന്നതോടെ ഭാരവാഹികൾ ഫോട്ടോകോപ്പികൾക്കായി നെട്ടോട്ടമോടുകയായിരുന്നു. രജിസ്ട്രേഷനായുള്ള നീണ്ട വരി ക്ഷേത്രവളപ്പും താണ്ടി ദേശീയപാതയിലെ രണ്ട് ബസ് സ്റ്റോപ്പുകൾ വരെ നീണ്ടതോടെ ഗതാഗതവും ജനക്കൂട്ടവും നിയന്ത്രിക്കാൻ പോലീസിനും ഇടപെടേണ്ടിവന്നു. രാവിലെ ഒൻപതുമണിക്ക് തുടങ്ങാനിരുന്ന ക്യാമ്പ് ആൾത്തിരക്ക് കാരണം ഏഴുമണിക്ക് തന്നെ ആരംഭിച്ചു. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഒൻപതുമണിയോടെ ഉദ്ഘാടനത്തിനെത്തുമ്പോഴേക്കും പരിസരം മുഴുവൻ ജനനിബിഡമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് അവസാനിപ്പിക്കാനിരുന്ന ക്യാമ്പ് ജനത്തിരക്ക് മൂലം സന്ധ്യ കഴിഞ്ഞും നീണ്ടുപോയി.
ക്യാമ്പിൽ എത്തിയ അപേക്ഷകരിൽ 80 ശതമാനവും 30 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാരായിരുന്നു. സ്ത്രീ അപേക്ഷകരിൽ ഭൂരിഭാഗവും രണ്ടാം വിവാഹം ആഗ്രഹിക്കുന്നവരായിരുന്നു. ഒട്ടേറെ അന്വേഷിച്ചിട്ടും അനുയോജ്യമായ ബന്ധങ്ങൾ ലഭിക്കാത്തതിനാലാണ് ഇത്തരമൊരു ക്യാമ്പിലൂടെയെങ്കിലും നല്ലൊരു ആലോചന ശരിയാകുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളോളം വരിനിന്ന് അപേക്ഷ നൽകിയതെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തുന്നു. രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക തയ്യാറാക്കി പിന്നീട് അപേക്ഷകർക്ക് കൈമാറാനാണ് ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































