കോഴിക്കോട്: സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്ക് 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി.ആർ.ഐ.എഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് വലിയ കരുത്താകുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി ഇതുസംബന്ധിച്ച് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ച് അനുകൂല തീരുമാനം നേടിയെടുക്കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ മേജർ ഡിസ്ട്രിക്ട് റോഡുകൾ, ഓർഡിനറി ഡിസ്ട്രിക്ട് റോഡുകൾ, കോർപ്പറേഷൻ റോഡുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റോഡുകളുടെ നവീകരണവും വികസനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അനുവദിച്ച തുകയിൽ 570 കോടി രൂപയും മലബാർ മേഖലയിലെ റോഡുകൾക്കാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21 റോഡ് പദ്ധതികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആകെ പദ്ധതികളുടെ പകുതിയിലധികവും മലബാർ മേഖലയിലാണ്.
പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക അനുമതികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നിർമാണത്തിൽ ഗുണനിലവാരവും സമയക്രമവും ഉറപ്പാക്കും. ദേശീയപാതാ നിലവാരത്തിലുള്ള നിർമാണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവൃത്തികൾ നടപ്പാക്കുക. ഗ്രാമീണ, നഗര റോഡുകളുടെ നിലവാരം ഉയർത്തുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































