കോഴിക്കോട്: എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് ട്രേഡ് സെന്റർ ഭൂമിയിൽ പാറപ്പൊടി ഇറക്കി തണ്ണീർത്തടത്തിലേക്ക് നികത്തൽ നടത്തിയെന്ന പരാതിയിൽ ജോലികൾ പൂർണ്ണമായി നിർത്തിവെക്കാൻ വേങ്ങേരി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ഹൈക്കോടതി വിലക്ക് നിലനിൽക്കവെയാണ് അനധികൃതമായി പ്രവൃത്തി നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സരോവരം പ്രകൃതി സംരക്ഷണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിയാഴ്ച പുലർച്ചെ മുതൽ പാറപ്പൊടി ഉപയോഗിച്ച് ഇവിടെ നികത്തൽ പ്രവൃത്തികൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരെ സമീപിച്ചതെന്ന് സമിതി പ്രസിഡന്റ് എൻ. അജയ് ലാൽ അറിയിച്ചു. സംഭവമറിഞ്ഞ് വാർഡ് കൗൺസിലറും നടക്കാവ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൂടാതെ, ട്രേഡ് സെന്റർ വളപ്പിൽനിന്ന് നിർമാണസാമഗ്രികൾ പിടിച്ചെടുത്തതായും പ്രകൃതി സംരക്ഷണസമിതി വ്യക്തമാക്കി.
വേങ്ങേരി വില്ലേജിൽ നെടുങ്ങോട്ടൂർ ദേശത്ത് മെട്രോ ഡെവലപ്പേഴ്സ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കൈവശം വെച്ചിട്ടുള്ള കാലിക്കറ്റ് ട്രേഡ് സെന്റർ ഭൂമിയിൽ പരിശോധന നടത്തിയതിൽ പാറപ്പൊടി ഉപയോഗിച്ച് നിലം നിരത്തുന്നതായി കണ്ടെത്തിയെന്നും തുടർന്ന് പ്രവൃത്തികൾ അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നുവെന്നും വില്ലേജ് ഓഫീസർ സ്ഥിരീകരിച്ചു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന പൂർത്തിയാക്കി നിർമാണപ്രവർത്തനങ്ങൾ തടഞ്ഞതായി നടക്കാവ് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
രഹസ്യമായി നാല് ലോഡ് പാറപ്പൊടി ഇറക്കിയാണ് ഇവിടെ പ്രവൃത്തി നടത്തിയത്. വില്ലേജ് രേഖപ്രകാരം 'സ്ഥിരപുഞ്ച'യിൽപ്പെട്ടിട്ടുള്ളതും എന്നാൽ ഡാറ്റാബാങ്കിൽ 'തണ്ണീർത്തടം' ആയി ഉൾപ്പെടുത്തിയിട്ടുള്ളതുമാണ് ഈ പ്രദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിലെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജോലികൾ ഉടൻ നിർത്തിവെക്കാൻ വില്ലേജ് ഓഫീസർ നിർദേശം നൽകിയത്.
അതേസമയം, പാറപ്പൊടി ഇറക്കിയ ഭൂമി കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ കാർ പാർക്കിങ് മേഖലയാണെന്ന് ജനറൽ മാനേജർ എം. ഗിരീഷ്കുമാർ പ്രതികരിച്ചു. തണ്ണീർത്തടം നികത്തിയിട്ടില്ലെന്നും സ്ഥിരപുഞ്ചയിൽപ്പെട്ട ഈ ഭൂമിയിൽ നിർമാണപ്രവൃത്തികൾ നടത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ചെളിശല്യത്തിന് പരിഹാരമായി പാറപ്പൊടി നിരത്താൻ മാത്രമാണ് ശ്രമിച്ചതെന്നും വില്ലേജ് ഓഫീസറുടെ നിർദേശം വന്നതോടെ പ്രവൃത്തികൾ പൂർണ്ണമായും നിർത്തിവെച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































