കോഴിക്കോട്: പാളയം മാർക്കറ്റ് ഡൽഹിയിലെ പാലികാബസാർ മാതൃകയിൽ നവീകരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും എം.കെ. രാഘവൻ എം.പി. പറഞ്ഞു. പാളയം മാർക്കറ്റിന്റെ പൈതൃകം നിലനിർത്തി ആധുനികവത്കരിക്കാൻ കോർപ്പറേഷൻ തയ്യാറാകാത്തത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാളയം പച്ചക്കറി ആൻഡ് ഫ്രൂട്ട്സ് അനുബന്ധമേഖല കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച കോർപ്പറേഷൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
മാർക്കറ്റ് നിലവിലുള്ള സ്ഥലത്തുതന്നെ നിലനിർത്തുക, ലൈസൻസുകൾ പുതുക്കിനൽകുക, വാടക സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു
പ്രതിഷേധം. കെട്ടിടം അപകടാവസ്ഥയിലാണെന്ന എൻ.ഐ.ടി. റിപ്പോർട്ട് മറയാക്കി കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു. മാർക്കറ്റിലെ കടകൾ പൂർണമായും അടച്ചിട്ടും വഴിയോരക്കച്ചവടക്കാരെ പങ്കാളികളാക്കിയുമായിരുന്നു സമരം. രാവിലെ ആരംഭിച്ച ഉപരോധത്തെ തുടർന്ന് കോർപ്പറേഷന്റെ പ്രധാന ഗേറ്റുകൾ അടഞ്ഞുകിടന്നതിനാൽ ജീവനക്കാർക്ക് ഓഫീസിനുള്ളിൽ പ്രവേശിക്കാനായില്ല. ഉച്ചയ്ക്ക് 12 മണിവരെ ഉപരോധ സമരം തുടർന്നതോടെ നിരവധി ജീവനക്കാരാണ് പുറത്തുനിൽക്കേണ്ടിവന്നത്.
കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് തുടങ്ങി വിവിധ നേതാക്കൾ സംസാരിച്ചു. പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരെ വരുംദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































