കോഴിക്കോട്: ഒരു തെറ്റും ചെയ്യാതെ സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെ ലഭിക്കും. വരുന്ന മന്ത്രിസഭായോഗം പ്രശ്നം പരിഗണിച്ച് അനുകൂല തീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതിനെ തുടർന്ന് വനിതാ ടൈപ്പിസ്റ്റുമാർ മൂന്നുദിവസമായി കളക്ടറേറ്റിനുമുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
കോഴിക്കോട് കളക്ടറേറ്റിലെ ക്ലാർക്ക് ടൈപ്പിസ്റ്റുമാരായ എം.കെ. ഷിങ്കി, കെ. സ്മിത, കുന്ദമംഗലം ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിലെ വി. ആരിഫ, കൊയിലാണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഓഫീസിലെ പി.ആർ. അഖിന, വടകര അഡീഷണൽ ഗവ. പ്ലീഡർ ഓഫീസിലെ എസ്. അമൃത എന്നിവരെയാണ് പി.എസ്.സി. വഴി ജോലിയിൽ പ്രവേശിച്ച് രണ്ടരവർഷത്തിനുശേഷം പിരിച്ചുവിട്ടത്. ചൊവ്വാഴ്ചയാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് സമരക്കാർക്ക് അനുകൂലമായ വിളിയെത്തിയത്.
നിലവിൽ ഒഴിവില്ലാത്തതിനാലും ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാലും പുതിയ തസ്തിക സൃഷ്ടിച്ചാവും പുനർനിയമനം നൽകുക. ധനകാര്യവകുപ്പിന്റെ കൂടി അനുമതി ആവശ്യമുള്ളതിനാൽ നടപടികൾ വേഗത്തിലാക്കുമെന്നാണ് റവന്യൂമന്ത്രിയുടെ ഓഫീസ് നൽകിയ ഉറപ്പ്. രണ്ടരവർഷത്തെ സർവീസ് നഷ്ടപ്പെടാത്തരീതിയിൽ പുനർനിയമനം നൽകണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതായി എ.ഡി.എമ്മുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സമരക്കാർ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം ജോലി നഷ്ടപ്പെട്ട ഇവർക്ക് പുതിയ തസ്തിക സൃഷ്ടിച്ച് പുനർനിയമനം നൽകണമെന്ന് കളക്ടർ എം.എസ്. മാധവിക്കുട്ടി തിങ്കളാഴ്ച ലാൻഡ് റവന്യൂ കമ്മിഷണർക്ക് കത്തയച്ചിരുന്നു.
മുൻപ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലുണ്ടായിരുന്ന അഞ്ചുപേർക്ക് സർവീസിൽ പ്രവേശിച്ച് ആറുമാസത്തിനകം അനധികൃതമായി സ്ഥാനക്കയറ്റം നൽകുകയും, ആ ഒഴിവുകളിലേക്ക് ഈ അഞ്ചുപേർ പി.എസ്.സി. വഴി നിയമനം നേടുകയുമായിരുന്നു. എന്നാൽ ഈ സ്ഥാനക്കയറ്റം ട്രിബ്യൂണൽ റദ്ദാക്കിയതോടെ പഴയവരെ ടൈപ്പിസ്റ്റായി തരംതാഴ്ത്തുകയും, തസ്തികയില്ലാതായതോടെ ഒക്ടോബർ 20-ന് ഷിങ്കി ഉൾപ്പെടെയുള്ളവരെ പിരിച്ചുവിടുകയുമായിരുന്നു. സർവീസിലെ പിഴവുകളുടെ ബലിയാടുകളാക്കപ്പെട്ടതിനെ തുടർന്നാണ് ഇവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































