അത്തോളി: കോഴിക്കോട് സർവോദയസംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൊടശ്ശേരി ഖാദി നെയ്ത്തുകേന്ദ്രത്തിലെ തൊഴിലാളികളുടെ ജീവൻ അപകടഭീഷണിയിൽ. ഷോറൂം നവീകരണത്തിന്റെ ഭാഗമായി കെട്ടിടം ഭാഗികമായി പൊളിച്ചുമാറ്റിയതാണ് നെയ്ത്തുശാലയെ അപകടാവസ്ഥയിലാക്കിയിരിക്കുന്നത്. നിലവിൽ 10 നെയ്ത്തുകാരും 22 നൂൽനൂൽപ്പുകാരുമടക്കം നാൽപ്പതോളം തൊഴിലാളികളാണ് ഇടിഞ്ഞുവീഴാറായ ഈ കെട്ടിടത്തിനുള്ളിൽ ജോലിചെയ്യുന്നത്.
ഖാദി കമ്മീഷനിൽ നിന്ന് ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവിടെ പുതിയ ഷോറൂമിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10-ന് നെയ്ത്തുകേന്ദ്രത്തിന്റെ ഒരുഭാഗത്തെ ഓടുകൾ മാറ്റി കെട്ടിടം തുറന്നിട്ട അവസ്ഥയിലാണ്. മഴവെള്ളം ഉള്ളിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ഇവിടെ സൂക്ഷിച്ചിരുന്ന നൂലുകളും നിർമ്മിച്ച തുണിത്തരങ്ങളും നശിച്ചു. 40 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിന്റെ കൈക്കോലുകളും പട്ടികകളും ചിതൽ തിന്ന് ഏതുനിമിഷവും വീഴാവുന്ന നിലയിലാണ്.
സുരക്ഷാ മുൻകരുതലുകളൊന്നും സ്വീകരിക്കാതെ തൊഴിലാളികളെ അപകടത്തിലാക്കുന്ന സർവോദയസംഘത്തിന്റെ നിലപാടിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. പൊളിച്ചിട്ട മേൽക്കൂര നവീകരിക്കാനുള്ള ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ പ്രതിമാസം ശരാശരി 310 മീറ്റർ ഷർട്ട് തുണി നെയ്യാറുണ്ട്. കഴിഞ്ഞ ഒന്നര മാസത്തോളമായി തൊഴിലാളികൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പണിയെടുത്തിട്ടും പ്രശ്നം പരിഹരിക്കാൻ സർവോദയ സംഘം ഭാരവാഹികൾ ഇടപെട്ടിട്ടില്ല. നിലവിൽ വിൽപ്പന തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നെയ്ത്തുശാലയുടെ മേൽക്കൂര അടിയന്തരമായി നന്നാക്കി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































