വടകര : മണിയൂർ മങ്കരയിലെ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കർമസമിതിയുടെ നേതൃത്വത്തിൽ വടകര റൂറൽ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകർക്ക് നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ വെള്ളച്ചീറ്റലിലും പിന്മാറാതിരുന്നതോടെ പോലീസുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ എസ്.പി. ഓഫീസിലേക്ക് മാർച്ച് എത്തിയത്. ഓഫീസിനുസമീപം ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞ പോലീസ് നടപടി പ്രവർത്തകർ തള്ളിക്കളഞ്ഞു. ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കയറാൻ 15 മിനിറ്റോളം ശ്രമം നടന്നു. ഒടുവിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ജലപീരങ്കി പ്രയോഗം ഫലപ്രദമാകാതിരുന്നതിനെ തുടർന്ന്, സമീപത്തെ വീട്ടുപറമ്പിലൂടെ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചവർക്കുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥിതി കൂടുതൽ സംഘർഷഭരിതമായി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
പയ്യോളി പോലീസ് കേസെടുത്ത ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീഖ് ലുക്കൗട്ട് സർക്കുലർ നിലനിൽക്കെ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് നാട്ടിലെത്തിയിട്ടും അറസ്റ്റുചെയ്യാൻ കഴിയാത്തത് വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കൊയിലാണ്ടി പോക്സോ കോടതി ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്യുകയായിരുന്നു. ജാമ്യം റദ്ദാക്കിയ ഘട്ടത്തിലും പ്രതിയെ പിടികൂടാൻ പോലീസ് അലംഭാവം കാണിച്ചു എന്നാണ് കർമസമിതിയുടെ പ്രധാന ആരോപണം.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്ത മാർച്ചിന് മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ദിൻഷ അധ്യക്ഷത വഹിച്ചു. അഹമ്മദ് സ്വാലിഹ്, സുരേഷ് പുതിയോട്ടിൽ, ഷഹബത്ത് ജൂന, പി.ടി. രാജേഷ്, നവാസ് കല്ലേരി, വിഷ്ണു മുതുവീട്ടിൽ, പി.എം. അബൂബക്കർ, എ.കെ. സജീവൻ, പി.കെ.കെ. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































