പേരാമ്പ്ര : 18 വർഷംമുൻപ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽനിന്ന് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ട പേരാമ്പ്ര ആശുപത്രി, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നും കടലാസിൽ മാത്രം ഒതുങ്ങുന്നു. താലൂക്ക് ആശുപത്രിക്ക് വേണ്ടിയുള്ള ആവശ്യമായ തസ്തികകൾ ഇതുവരെ സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അടുത്തിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പുതിയ തസ്തികകൾ അനുവദിച്ചപ്പോഴും പേരാമ്പ്രയെ പൂർണ്ണമായും അവഗണിച്ചു. 1961-ലെ പഴയ തസ്തിക പാറ്റേണിലാണ് ഇന്നും ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ഡയാലിസിസ് യൂണിറ്റിലടക്കം 42-ഓളം താത്കാലിക ജീവനക്കാരെയാണ് ആശ്രയിക്കുന്നത്. ഇവർക്കുള്ള പ്രതിമാസ വേതനമായ എട്ടുലക്ഷത്തോളം രൂപ നൽകുന്നത് ആശുപത്രി വികസന സമിതിയുടെ (HMC) ഫണ്ടിൽ നിന്നാണ്. ഇത് കാരണം എച്ച്.എം.സി. ഫണ്ടിൽ മിച്ചം യാതൊന്നും ഉണ്ടാകാറില്ല. ചക്കിട്ടപാറയിലെ ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ മലയോര പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. മാസത്തിൽ കാൽലക്ഷത്തോളം പേർ എത്തുന്ന ഈ ആശുപത്രിയിൽ വർഷങ്ങളായി പ്രൊപ്പോസലുകൾ സമർപ്പിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകുന്നില്ല.
ആശുപത്രിയിൽ ആകെ 14 ഡോക്ടർമാരുടെ തസ്തികകളാണുള്ളത്. അഞ്ച് ജൂനിയർ കൺസൾട്ടന്റ്, നാല് അസിസ്റ്റന്റ് സർജൻ, ഒരു ഡെന്റൽ ഡോക്ടർ, നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ എന്നിങ്ങനെയാണ് നിലവിലുള്ളത്. താലൂക്ക് ആശുപത്രിയായിട്ടും സൂപ്രണ്ട് തസ്തിക പോലുമില്ലാത്ത ഇവിടെ മെഡിക്കൽ ഓഫീസറാണ് മേലധികാരി. ഏറെക്കാലമായുള്ള ആവശ്യമായ ഓർത്തോ ഡോക്ടറുടെ തസ്തികയും ഗൈനക്കോളജി, ഒഫ്താൽമോളജി വിഭാഗങ്ങളിലെ ഒഴിവുകളും നികത്തപ്പെടേണ്ടതുണ്ട്. കൂടാതെ നാല് കൺസൾട്ടന്റുമാർ, ഏഴ് ജൂനിയർ കൺസൾട്ടന്റുമാർ, നാല് അസിസ്റ്റന്റ് സർജൻമാർ എന്നിവരുടെ തസ്തികകൾ പുതിയതായി വേണമെന്നാണ് പ്രധാന ആവശ്യം.
നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കാര്യത്തിലും സ്ഥിതി അതീവ ഗുരുതരമാണ്. മൂന്ന് ഹെഡ് നഴ്സുമാരും എട്ട് സ്റ്റാഫ് നഴ്സുമാരും ഒരു നഴ്സിങ് അസിസ്റ്റന്റും മാത്രമാണ് ഉള്ളത്. ഈ വിഭാഗത്തിൽ മാത്രം 34 പേരുടെ കുറവുണ്ട്. ഹോസ്പിറ്റൽ അറ്റൻഡർമാർ രണ്ടാളുകൾ മാത്രമുള്ളപ്പോൾ 18 പേരുടെ സേവനം ഇനിയും ആവശ്യമാണ്. താലൂക്ക് ആശുപത്രിക്ക് വേണ്ട ലേ സെക്രട്ടറി തസ്തിക ഇല്ലാത്തതിനൊപ്പം രണ്ട് ക്ലാർക്കുമാരും ഒരു ഓഫീസ് അറ്റൻഡറും മാത്രമാണ് ഭരണപരമായ കാര്യങ്ങൾക്കായി ഉള്ളത്. മലയോര ജനതയുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി അടിയന്തരമായി തസ്തികകൾ സൃഷ്ടിച്ച് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































