തിരുവമ്പാടി : മലയോരത്ത് സംസ്ഥാന വൈദ്യുതി വകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതിൽ പൂവാറൻതോട് പദ്ധതിയുടെ പ്രവർത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ലഭ്യതയ്ക്കനുസരിച്ചാണ് നിലവിൽ ഇവിടെ വൈദ്യുതോത്പാദനം നടക്കുന്നത്. അതേസമയം ഓളിക്കൽ പദ്ധതിയുടെ പവർഹൗസ്, പെൻസ്റ്റോക്ക് നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. മറ്റു നിർമാണങ്ങളെല്ലാം പൂർത്തിയായ പദ്ധതി ഡിസംബറോടെ പൂർണമായി സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം ഒന്നിച്ചു നടത്താനാണ് നിലവിൽ ആലോചിക്കുന്നത്.
പൊയിലിങ്ങാപ്പുഴയിലാണ് ഇരു പദ്ധതികളും സ്ഥിതി ചെയ്യുന്നത്. തിരുവമ്പാടി പഞ്ചായത്തിലുൾപ്പെടുന്ന ഓളിക്കൽ പദ്ധതിയിൽ നിന്ന് അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. 10.26 മില്യൻ യൂണിറ്റാണ് ഇതിന്റെ പ്രതീക്ഷിക്കുന്ന വാർഷിക ഉത്പാദനം. തൊട്ടടുത്ത കൂടരഞ്ഞി പഞ്ചായത്തിലാണ് മൂന്ന് മെഗാവാട്ട് ശേഷിയുള്ള പൂവാറൻതോട് പദ്ധതി. 5.88 മില്യൻ യൂണിറ്റ് വാർഷിക ഉത്പാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഓളിക്കൽ പദ്ധതിയുടെ സിവിൽ ജോലികൾക്ക് 20.98 കോടി രൂപയും പൂവാറൻതോടിന് 21.59 കോടി രൂപയുമാണ് നിർമാണച്ചെലവ്. പി.ജി.സി.സി.പി.എൽ-ആര്യ കോൺ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തത്. ഇലക്ട്രോ-മെക്കാനിക്കൽ ജോലികൾ കിർലോസ്കർ ബ്രദേഴ്സ് നിർവഹിച്ചു. 2023-ൽ ആരംഭിച്ച നിർമാണം കരാർ കാലാവധിയായ മൂന്നുവർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനായി. പൂവാറൻതോട് പദ്ധതി പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. ഡയറക്ടർ എം.വി. രാജൻ, ജനറേഷൻ സിവിൽ ചീഫ് എൻജിനിയർ ബിജു വിശ്വൻ, പ്രോജക്ട് മാനേജർ എം. ഉപേന്ദ്രൻ എന്നിവരടങ്ങിയ വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് വിലയിരുത്തിയിരുന്നു.
ചൈനീസ് സാങ്കേതികവിദ്യയോടെ പൊയിലിങ്ങാപ്പുഴയിൽ 23 വർഷം മുൻപ് ആരംഭിച്ച ഉറുമി 1, 2 ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് മുകളിലായാണ് പുതിയ രണ്ട് പദ്ധതികളും വരുന്നത്. ഒന്നാംഘട്ടത്തിൽ 3.75 മെഗാവാട്ടും രണ്ടാംഘട്ടത്തിൽ 2.4 മെഗാവാട്ടും വൈദ്യുതി നിലവിൽ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. 2023 ജൂലായിൽ പെൻസ്റ്റോക്ക് പൊട്ടിയതിനെത്തുടർന്ന് ഉറുമി രണ്ടാംഘട്ട പദ്ധതിയിലെ ഉത്പാദനം തടസ്സപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ പ്രവൃത്തി പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം ഇരുവഴിഞ്ഞിപ്പുഴയിലെ മറിപ്പുഴയിൽ വിഭാവനം ചെയ്ത മറ്റൊരു പദ്ധതിയുടെ നിർമാണം ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സമീപത്തായതിനാൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































