കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ 36-ാം വാർഡിൽ ചെറിയമങ്ങാട്ട് നിർമിച്ച ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ കെട്ടിടപണി പൂർത്തീകരിച്ചിട്ട് ഒരുവർഷമായിട്ടും ഇതുവരെ ഉദ്ഘാടനംചെയ്തില്ല. തീരദേശമേഖലയിലെ നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് നഗരസഭ 30 ലക്ഷം രൂപ ചെലവിൽ പുതിയകെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവൃത്തി മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. മൂന്നര ലക്ഷം രൂപ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തിക്ക് വേണമെന്നാണ് അറിയുന്നത്. ഈ തുക കൊയിലാണ്ടി നഗരസഭ അനുവദിക്കാത്തതിനാലാണ് കെട്ടിടം ഉദ്ഘാടനം ചെയ്യാനാകാതെ കിടക്കുന്നതെന്ന് വാർഡ് കൗൺസിലർ നിമിഷ ബെൽജൻ പറഞ്ഞു.
നിലവിൽ കൊയിലാണ്ടി ഹാർബറിനു സമീപം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ മാസത്തിൽ 30,000 രൂപയോളം വാടക നൽകിയാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. വയറിങ് പൂർത്തിയാക്കി വൈദ്യുതി ലഭിച്ചാൽ സ്വന്തംകെട്ടിടത്തിലേക്ക് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ മാറ്റാൻ സാധിക്കും. മുൻ നഗരസഭാ കൗൺസിലറായിരുന്ന കെ.കെ. വൈശാഖിന്റെ ശ്രമഫലമായിട്ടാണ് കേന്ദ്ര സർക്കാർ സഹകരണത്തോടെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ അനുവദിക്കപ്പെട്ടത്. ചെറിയമങ്ങാട് ക്ഷേത്ര കമ്മിറ്റി നൽകിയ നാലു സെന്റ് സ്ഥലത്താണ് കൊയിലാണ്ടി നഗരസഭ അനുവദിച്ച 30 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ ചുറ്റുമതിൽ ഉൾപ്പടെയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതാണ്. മൂന്നര ലക്ഷം രൂപ കൂടി അനുവദിച്ചാൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടത്താമെന്ന് കെ.കെ. വൈശാഖ് പറഞ്ഞു. കെട്ടിടം ഉദ്ഘാടനംചെയ്തതാൽ വാടകക്കെട്ടിടത്തിൽനിന്ന് മോചനമാകും. കൊയിലാണ്ടി നഗരസഭയിലെയും സമീപത്തെ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലേയും കടലോരവാസികൾക്ക് ചികിത്സാവശ്യത്തിനായി ആരോഗ്യകേന്ദ്രം പ്രയോജനപ്പെടുത്താം. ഹാർബർ പരിസരത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് ആറു മണിവരെ ഡോക്ടർ, നഴ്സ് എന്നിവരുടെ സേവനമുണ്ട്. ആവശ്യത്തിന് മരുന്നും ലഭിക്കും.
ചെറിയമങ്ങാട്, വലിയ മങ്ങാട്, മാടാക്കര മത്സ്യ ഗ്രാമങ്ങളിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉപകരിക്കുന്നതാണ് ആരോഗ്യകേന്ദ്രമെന്നതിനാൽ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യേണ്ടത് അത്യാവശ്യമാണ്. ചെറിയമങ്ങാടിൽ നിർമിച്ച ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രം വൈദ്യുതീകരണപ്രവൃത്തി പൂർത്തിയാക്കി ഉടൻ ഉദ്ഘാടനംചെയ്യണമെന്ന് കൗൺസിലർ നിമിഷ ബെൽജൻ ആവശ്യപ്പെട്ടു. കെട്ടിടംപണി പൂർത്തിയാക്കിയിട്ടും സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിൽ അമിത വാടക നൽകിയാണ് ആരോഗ്യകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. നഗരസഭ ഇടപെട്ട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ചെറിയമങ്ങാട് ആരോഗ്യകേന്ദ്രം വയറിങ് ചെയ്തു പണിപൂർത്തിയാക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.പി. സുധീഷ് വ്യക്തമാക്കി. ഇതിന് തുക വകയിരുത്തിയിട്ടുണ്ടെന്നും മാർച്ച് മാസത്തിന് മുൻപെ പുതിയ കെട്ടിടത്തിലേക്ക് ആരോഗ്യ കേന്ദ്രം മാറ്റാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































