കൊയിലാണ്ടി : നഗരസഭയുടെ സ്വപ്നപദ്ധതിയെന്ന് വിളംബരംചെയ്ത് ഉദ്ഘാടനം കഴിഞ്ഞിട്ടും ഷോപ്പിങ് കോംപ്ലക്സ് ഇതുവരെ തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. 2025 ഒക്ടോബർ 21-ന് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തെങ്കിലും, വലിയ തുക അഡ്വാൻസും വാടകയും നൽകി ലേലത്തിൽ മുറികൾ സ്വന്തമാക്കിയ വ്യാപാരികൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർ ഉൾപ്പെടെയുള്ളവർ അഡ്വാൻസ് തുക നൽകിയാണ് മുറികളുറപ്പിച്ചത്. എന്നാൽ ഉദ്ഘാടനത്തിനുശേഷം നിർമാണജോലികൾ മന്ദഗതിയിലാവുകയായിരുന്നു. വലിയ കെട്ടിടമായതിനാൽ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ നേരിട്ട കാലതാമസവും കഴിഞ്ഞദിവസം മാത്രം ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയായതും പദ്ധതി നീളാൻ കാരണമായി. ഇതോടെ സ്ഥാപനങ്ങൾ എന്ന് തുറക്കാനാകുമെന്ന് അറിയാത്ത സ്ഥിതിയിലാണ് വ്യാപാരികൾ.
കൊയിലാണ്ടിയിലെ പഴയ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റിയാണ് ആധുനിക രീതിയിലുള്ള അഞ്ചുനില കെട്ടിടം നിർമിച്ചത്. തറനിലയിൽ 20-ഉം ഒന്നാംനിലയിൽ 21-ഉം കടമുറികളും, തുടർന്നുള്ള നിലകളിൽ ഷോപ്പിങ് മാൾ, ടെക്സ്റ്റൈൽസ്, സൂപ്പർമാർക്കറ്റ്, ഫുഡ്കോർട്ട്, ഓഫീസുകൾ, റൂഫ് ടോപ്പ് കഫ്റ്റീരിയ, 4000 സ്ക്വയർ ഫീറ്റിൽ മൾട്ടിപ്ലക്സ് തിയേറ്റർ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ വായ്പയും നഗരസഭയുടെ തനത് ഫണ്ടും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഒരേസമയം ഇരുനൂറോളം വാഹനങ്ങൾ നിർത്തിയിടാവുന്ന അണ്ടർഗ്രൗണ്ട് പാർക്കിങ് സംവിധാനം നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് ആശ്വാസമാകുമെങ്കിലും, പുതിയ കെട്ടിടത്തിൽ മുൻപുണ്ടായിരുന്നതുപോലെ ബസ് ട്രാക്കുകൾ ഇല്ലാത്തത് ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കാം.
ദേശീയപാത, റെയിൽവേ മേൽപ്പാലം, പാർക്കിങ് ഏരിയ എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങളും കാൽനടയാത്രികരും ഒരേ മേഖലയിൽ കേന്ദ്രീകരിക്കുന്നത് വലിയ ഗതാഗത തടസ്സത്തിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ ഇതിന് മുൻകൂട്ടി പരിഹാരം കാണേണ്ടതുണ്ട്. സ്വന്തം നിലയിൽ വരുമാനം കണ്ടെത്തി വികസനപ്രവർത്തനങ്ങൾ നടത്തേണ്ട സാഹചര്യത്തിൽ ഷോപ്പിങ് കോംപ്ലക്സ് തുറക്കുന്നത് വൈകുന്നത് നഗരസഭയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം, അധികം വൈകാതെ തന്നെ കെട്ടിടം തുറന്നുകൊടുക്കാനാവുമെന്നാണ് നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ അറിയിച്ചിട്ടുള്ളത്. എങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെടാതെ നീണ്ടുപോകുന്ന പദ്ധതികളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































