ബാലുശ്ശേരി: മതിയായ ഭക്ഷണവും പരിചരണവും നൽകിയില്ലെന്ന പരിശോധനാ കണ്ടെത്തലിനെത്തുടർന്ന് 'ചെറിയപറമ്പത്ത് ഗോപാലൻ' എന്ന നാട്ടാനയുടെ ഉടമയുടെയും പാപ്പാന്റെയും പേരിൽ വനംവകുപ്പ് കേസെടുത്തു. ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. പരിശോധനയിൽ ആനയുടെ നാലുകാലുകളിലും ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകൾ കണ്ടെത്തുകയും, രോഗാവസ്ഥയിലും തടിപിടിത്തത്തിന് കൊണ്ടുപോയതായി ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.
പരാതികളെത്തുടർന്ന് ഒക്ടോബർ ഒൻപത്, പന്ത്രണ്ട് തീയതികളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം ഏകരൂലിലെ വീട്ടിലെത്തി ആനയെ പരിശോധിച്ചു. ആനയുടെ രക്തസാംപിളുകൾ പൂക്കോട് വെറ്ററിനറി കോളേജിൽ അയച്ചു നടത്തിയ പരിശോധനയിൽ കടുത്ത പോഷകാഹാരക്കുറവും പരിചരണത്തിന്റെ അഭാവവും വ്യക്തമായി. തുടർന്ന് ഒക്ടോബർ 23-ന് നടത്തിയ പുനഃപരിശോധനയിൽ രജിസ്റ്ററിലെ നിർദേശാനുസരണമുള്ള ഭക്ഷണക്രമം നൽകുന്നില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്നേദിവസം ഉടമയ്ക്കും പാപ്പാനുമെതിരെ കേസെടുത്തത്.
നിലവിൽ സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആനയുടെ പരിചരണം. കഴിഞ്ഞ ആഴ്‌ചയെക്കാൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും റേഞ്ച് ഓഫീസർ കെ.എൻ. ദിവ്യ അറിയിച്ചു.
അതേസമയം, ക്ഷീണത്തെത്തുടർന്ന് ആന തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി. സത്യനാഥൻ പറഞ്ഞു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും സമീപകാലത്ത് ഭാരമുള്ള ജോലികൾക്കൊന്നും അയച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസിസ്റ്റന്റ് കൺസർവേറ്റർ കെ. നീതു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എൻ. ദിവ്യ, ഡോ. എസ്. ശ്യാം, ഡോ. രഞ്ജിത്ത്, ഡോ. ജിത്തു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. നിധിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നീതു പി. തങ്കച്ചൻ, ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































