തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് നൽകിയിട്ടുള്ളത്. കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
കനത്ത മഴയെത്തുടർന്ന് പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആറ് സ്പിൽവേ ഷട്ടറുകളും 5 സെന്റിമീറ്റർ വരെ ഉയർത്താനാണ് തീരുമാനം. അണക്കെട്ടിനോട് ചേന്നും പുഴയോരത്തും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലേർട്ടായിരിക്കും. തുടർന്ന് തിങ്കളാഴ്ച ഈ ജില്ലകളിൽ യെല്ലോ അലേർട്ടായി മാറും.
കടലാക്രമണ മുന്നറിയിപ്പ്:
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഒക്ടോബർ 25 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഒക്ടോബർ 24 രാത്രി 11.30 വരെയും സമാനമായ രീതിയിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാം.
പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ:
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.
കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ബീച്ചിലേക്കുള്ള യാത്രകളും പൂർണ്ണമായി ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പുലർത്തുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































