രാമനാട്ടുകര: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, മതിയായ സൗകര്യങ്ങളോടെ രണ്ടു പ്ലാറ്റ്‌ഫോമുകളിലും ശൗചാലയം നിർമിക്കുക, രണ്ടു പ്ലാറ്റ്‌ഫോമുകളിലേക്കും ഒരു ഗോവണിപ്പടികൂടി സ്ഥാപിക്കുക, കൂടുതൽ സി.സി.ടി.വി.കൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുക, രാത്രികാലങ്ങളിൽ പിങ്ക് പോലീസിന്റെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യാത്രക്കാർ.
വ്യാഴാഴ്ച റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ ഹബീബ് റഹ്‌മാന്റെ നേതൃത്വത്തിൽ 'ക്ലീൻ റെയിൽ, ക്ലീൻ ഇന്ത്യ' എന്ന ടാഗ്‌ലൈനോടെ നടന്ന 'റെയിൽ ജൻസംവാദ് 6.0' പരിപാടിയിലാണ് അധികൃതർക്ക് മുന്നിൽ യാത്രക്കാർ ആവശ്യങ്ങൾ സമർപ്പിച്ചത്. സ്റ്റേഷനിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ തേടിയാണ് അധികൃതർ യാത്രക്കാരിലേക്ക് ഇറങ്ങിയത്. കോളേജ് വിദ്യാർഥികൾ, റെയിൽവേ പാസഞ്ചർ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ, മറ്റ് യാത്രക്കാർ എന്നിവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു.
24 മണിക്കൂറും റെയിൽവേ സംരക്ഷണസേനയുടെ സേവനം ഉറപ്പാക്കുക, കോച്ചുകളുടെ ക്രമവും ട്രെയിനുകളുടെ സമയവിവരവും അറിയാൻ ഡിസ്‌പ്ലേ ബോർഡ് സ്ഥാപിക്കുക, സ്റ്റേഷന്റെ രണ്ടാം പ്രവേശനകവാടത്തിൽ ടിക്കറ്റ് വെൻഡിങ് മെഷീൻ അനുവദിക്കുക എന്നിവയായിരുന്നു മറ്റ് പ്രധാന ആവശ്യങ്ങൾ. ഒപ്പം, ഫറോക്ക് സ്റ്റേഷന്റെ പേര് 'കാലിക്കറ്റ് എയർപോർട്ട് സ്റ്റേഷൻ' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ഫറോക്ക് റെയിൽവേ വെൽഫെയർ സൊസൈറ്റി ആവശ്യപ്പെട്ടു.
പരിപാടിയുടെ ഭാഗമായി വിവിധ കോളേജുകളിൽനിന്നെത്തിയ എൻ.എസ്.എസ്. വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
ഫറോക്ക് സ്റ്റേഷൻ സൂപ്രണ്ട് മനോജ് കുമാർ, ചീഫ് കൊമേഴ്സ്യൽ മാനേജർ ഷൈനി, ഫറോക്ക് റെയിൽവേ വെൽഫെയർ സൊസൈറ്റി വർക്കിങ് ചെയർമാൻ രാമച്ചംകണ്ടി സുന്ദർരാജ്, ചെയർമാൻ കെ.എം. സുകുമാരൻ, ജനറൽ സെക്രട്ടറി ഗിരീഷ് പി. മേലേടത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































