കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസിൽ അറസ്റ്റിലായ പ്രതി എബിൻ പോളിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിനഗോഗ് ആക്രമണത്തിന് മുൻപ് പ്രതി ആദ്യം ആക്രമണത്തിന് ശ്രമിച്ചത് മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള ഒരു ആളൊഴിഞ്ഞ കെട്ടിടത്തിലാണെന്ന് പോലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഈ സംഭവം നടന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിടുകയായിരുന്നു. 'ബോസ്' എന്ന് വിളിക്കുന്ന വ്യക്തിയുടെ നിർദേശപ്രകാരമാണ് തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയെ പിന്നീട് ഈ കെട്ടിടത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആക്രമണത്തിന്റെ പരിശീലനത്തിന്റെ ഭാഗമായാണോ ഇത് ചെയ്തതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മട്ടാഞ്ചേരി സിനഗോഗ് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് പ്രതി തീയിട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കോലഞ്ചേരി സ്വദേശിയായ പ്രതി എബിൻ പോളിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂം തീയിട്ടതിന് പ്രതിക്ക് കൃത്യമായി പണം ലഭിച്ചതായി പോലീസ് കണ്ടെത്തി. കേസിൽ പ്രതിക്കെതിരെ യു.എ.പി.എ. ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണങ്ങൾക്ക് പിന്നിൽനിന്ന് നിർദേശം നൽകിയ 'ബോസ്' എന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കാർ ഷോറൂം തീയിട്ടതിന് പ്രതിക്ക് അഡ്വാൻസായി അയ്യായിരം രൂപയോളം ക്രിപ്റ്റോ കറൻസിയായാണ് ലഭിച്ചത്. ടെലഗ്രാം ഐഡി വഴിയായിരുന്നു ഇവർ തമ്മിലുള്ള ആശയവിനിമയം നടന്നിരുന്നത്. സിനഗോഗ് ആക്രമണത്തിനും ഇയാൾക്ക് സമാനമായ രീതിയിൽ പണം ലഭിച്ചിരുന്നു. സൂത്രധാരനായ 'ബോസിനെ' കണ്ടെത്താൻ എബിൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിലെ മുഴുവൻ വിവരങ്ങളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഫോൺ കോളുകൾ, ചാറ്റുകൾ, ഓഡിയോ-വീഡിയോ രേഖകൾ എന്നിവ വിശദമായി പരിശോധിച്ച് കേസിൽ തുടർനടപടികളിലേക്ക് കടന്നിരിക്കുകയാണ് പോലീസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































