തിരുവനന്തപുരം: ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ അതിവേഗ നടപടിയുമായി സർക്കാർ. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി ഉത്തരവിറക്കി. പകരം വി. സുഭാഷിനെ നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, സസ്പെൻഷനിലായ അനിൽ കുമാറിന് നിലവിൽ പുതിയ നിയമനം നൽകിയിട്ടില്ല. സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ നടക്കുമ്പോൾ മന്ത്രിയെ അറിയിക്കണമെന്നിരിക്കെ, ഇക്കാര്യത്തിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. വൻ വിവാദത്തെ തുടർന്ന് ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും കടുത്ത അതൃപ്തി
ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. കേരളത്തിൽ ആദ്യമായാണ് ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകുന്നത്. പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന വൈനിന്റെ വിൽപ്പനയ്ക്കുള്ള ആദ്യ അനുമതി ചാലക്കുടിയിലെ എം.ആർ.സി. ബേക്കറിക്കാണ് നൽകിയത്. 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത് ഇടതു സർക്കാരിന്റെ കാലത്തായിരുന്നു. 2022-23 ലെ മദ്യനയപ്രകാരമുള്ള നടപടികളുടെ ഭാഗമായി 2022-ൽ സ്മാൾ സ്കെയിൽ വൈനറി റൂൾസ് രൂപീകരിക്കുകയും സാധാരണ വൈൻ പോലെ 86 ശതമാനം നികുതി ചുമത്തി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന് ഉത്പാദനത്തിന് അപേക്ഷകൾ ലഭിക്കുകയും, ബെവ്കോ ഷോപ്പുകൾക്ക് പുറമേ മറ്റ് ഔട്ട്ലെറ്റുകൾ വഴി വിൽക്കാൻ ചട്ടം ഭേദഗതി ചെയ്യുകയും ചെയ്തു. ആദ്യം 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിൽപനശാലകൾക്ക് ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നെങ്കിലും, 2025 സെപ്റ്റംബറിൽ അത് 10 ചതുരശ്ര മീറ്ററായി ചുരുക്കിയിരുന്നു.
എന്നാൽ ഇതിനുള്ള വിൽപ്പനാനുമതി തേടിയുള്ള അപേക്ഷ സർക്കാരിന്റെ അറിവോടെയല്ല നടപ്പിലായത്. വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ എക്സൈസ് മന്ത്രി കടുത്ത അതൃപ്തി അറിയിക്കുകയും, മുഖ്യമന്ത്രിയും അമർഷം വ്യക്തമാക്കുകയും ചെയ്തു. ഇടത് സർക്കാരിന്റെ നിയമഭേദഗതിയെക്കുറിച്ച് നിയമോപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, സർക്കാർ ഒന്നും അറിഞ്ഞില്ലെന്ന വാദത്തെ മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ചോദ്യം ചെയ്തിരുന്നു. നിലവിൽ നൽകിയ ലൈസൻസ് നിയമപ്രകാരമാണെന്ന നിലപാടിലാണ് എക്സൈസ് കമ്മീഷണറേറ്റ് ഉള്ളത്. വീര്യം കുറഞ്ഞ മദ്യവിൽപ്പന അനുമതി നൽകണോയെന്ന വിഷയത്തിൽ രാഷ്ട്രീയ ചർച്ചകളും തർക്കങ്ങളും ശക്തമായി നിലനിൽക്കെയാണ് ഹോർട്ടി വൈൻ വിൽപ്പന വിവാദം സർക്കാരിന് പുതിയ തലവേദനയായി മാറിയിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































