കോഴിക്കോട്: നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രശസ്ത നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച 'ജന്തർ മന്തർ' സമരത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഉത്തർപ്രദേശിൽനിന്ന് ആരംഭിക്കുമെന്നും ഘട്ടംഘട്ടമായി മോദിയെയും അമിത് ഷായെയും അധികാരത്തിൽനിന്ന് താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും നടന്നപോലെയുള്ള പ്രക്ഷോഭങ്ങളാവില്ല ഇവിടെയെന്നും മഹാത്മാഗാന്ധിയും അംബേദ്കറും ഭഗത് സിങ്ങുമാണ് തങ്ങളുടെ ആയുധങ്ങളെന്നും പ്രകാശ് രാജ് പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് നടത്തിയ കള്ളത്തരങ്ങളെല്ലാം പിടിക്കപ്പെട്ടുവെന്നും ഇനി ഭരണാധികാരികളുടെ പതനത്തിന്റെ നാളുകളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡൽഹിയിലെ ജന്തർമന്തറിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ കോഴിക്കോട് ബീച്ച് ജന്തർമന്തറായി മാറിയെന്നും വരുംദിവസങ്ങളിൽ ജനങ്ങളുടെ വീടുകൾ ജന്തർമന്തറുകളാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റിനായി പോരാടുമ്പോൾ യുവാക്കൾ രാജ്യത്തിനുവേണ്ടി തെരുവിലിറങ്ങി മുൻനിരയിൽനിന്ന് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമരം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., പ്രൊഫ. എം.എൻ. കാരശ്ശേരി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ., മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈർ, എം.എൽ.എ.മാരായ എം.എ. റസാഖ്, ഫാത്തിമ തഹിലിയ, വി.കെ. ഫൈസൽ ബാബു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ടി. ഇസ്മായിൽ, ഉമ്മർ പാണ്ടികശാല, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ പി. ഇസ്മായിൽ, മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, കെ.എ. മാഹിൻ, സി.കെ. മുഹമ്മദലി, നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































