താമരശ്ശേരി : വാഹനങ്ങൾ കുടുങ്ങിയും മരംവീണും മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സം പതിവാകുന്ന താമരശ്ശേരിച്ചുരത്തിലെ യാത്രാദുരിതം മാറാൻ ഏറ്റവും ഇടുങ്ങിയ മൂന്ന് ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തി ത്വരപ്പെടുത്തണമെന്ന ആവശ്യമുയരുന്നു. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ചുരത്തിലെ ഗതാഗതസ്തംഭനം പരിഹരിക്കാൻ ആറ്, ഏഴ്, എട്ട് കൊടുംവളവുകളുടെ വീതികൂട്ടി ദേശീയപാതാഭാഗം നവീകരിക്കുന്ന പ്രവൃത്തിക്ക് ഇനിയും ഗതിവേഗം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ ഗാബിയോൺ നെറ്റും ജിയോഗ്രിഡും പാകി സംരക്ഷണഭിത്തി നിർമാണം നടക്കുന്ന എട്ടാം ഹെയർപിൻ വളവിൽ മാത്രമാണ് പ്രവൃത്തിക്ക് കാര്യമായ പുരോഗതിയുള്ളത്. അതേസമയം വീതികൂട്ടേണ്ട മറ്റ് ഹെയർപിൻ വളവുകളായ ആറ്, ഏഴ് വളവുകളിൽ പ്രവൃത്തി ഏറെ ബാക്കിയുണ്ട്.
വനംവകുപ്പിൽനിന്ന് പൊതുമരാമത്ത് വകുപ്പ് 2018 ഏപ്രിലിൽ ഏറ്റെടുത്ത ചുരംപാതയോരത്തെ 0.92 ഹെക്ടർ വനഭൂമിയിൽ ഏഴരവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് നവീകരണപ്രവൃത്തി ആരംഭിച്ചത്. മരംമുറിക്ക് അനുമതി നൽകുന്നതിലുള്ള വനംവകുപ്പിൻ്റെ ഭാഗത്തുനിന്നുള്ള കാലതാമസം കാരണം 2025 നവംബർ 26-നാണ് കരാർ ഏറ്റെടുത്ത ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്ട്രക്ഷൻ കമ്പനിക്ക് മരങ്ങൾ മുറിച്ചു തുടങ്ങാനായത്. തുടർന്ന് 393 മരങ്ങൾ മുറിച്ചുമാറ്റുകയും ഈ വർഷം ജനുവരി 24-ന് മണ്ണു പരിശോധന നടത്തുകയും ചെയ്ത പാതയോരത്ത് ഏപ്രിൽ 25-നാണ് നിലമൊരുക്കൽ പ്രവൃത്തി തുടങ്ങിയത്. എന്നാൽ നവീകരണപ്രവൃത്തിയുടെ രൂപമാതൃകകൾ സമർപ്പിക്കാൻ കരാർ കമ്പനി വരുത്തിയ കാലതാമസവും പ്രവൃത്തി വൈകിപ്പിക്കാൻ ഇടയാക്കി. ഇതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുകളിലേക്കു മടങ്ങിയതും ആവശ്യമായ യന്ത്രങ്ങൾ എത്തിക്കുന്നതിൽ വന്ന കാലതാമസവും ശക്തമായ മഴയും മണ്ണെടുക്കലിനിടെയുണ്ടായ പാറ ഇടിച്ചിലുകളുമെല്ലാം നവീകരണപ്രവൃത്തിയെ മെല്ലെപ്പോക്കിലേക്കു നയിച്ചു.
മണ്ണെടുക്കൽ ആദ്യംതുടങ്ങിയ ആറാം വളവിലെ പ്രവൃത്തിക്കിടെ ഏപ്രിൽ 27-ന് എസ്കവേറ്റർ നിയന്ത്രണംവിട്ട് ചെരിവിലൂടെ താഴ്ച്ചയിലേക്ക് മറിഞ്ഞതോടെ, നിലമൊരുക്കൽ നിർത്തിവെച്ച് വളവിന്റെ പാറക്കെട്ടുള്ള മുകൾഭാഗത്ത് പ്രവൃത്തി തുടരുകയായിരുന്നു. താഴ്ചയിലേക്കു മറിഞ്ഞ എസ്കവേറ്റർ മാസങ്ങൾക്കു ശേഷം പുറത്തെത്തിച്ച ശേഷം മണ്ണുമാന്തിയന്ത്രങ്ങൾ താഴെയിറക്കാവുന്ന തരത്തിൽ റോഡരികിൽ മണ്ണു നിറച്ചു. തുടർന്ന് ആറാം വളവിലെ പാതയോരത്ത് വീണ്ടും പാറയിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എട്ടാംവളവിലേക്ക് പ്രവൃത്തി കേന്ദ്രീകരിച്ചത്. എട്ടാം വളവിലെ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ജൂലായ് എട്ടിന് റോഡിൻ്റെ ഒരു വശത്ത് ആഴത്തിലും നീളത്തിലും വിള്ളൽ രൂപപ്പെട്ടിരുന്നു. തുടർന്ന് ആ ഭാഗത്ത് റോഡിൽ ടാർപായ വിരിച്ച് മുകളിൽ മണൽച്ചാക്കുകൾ നിരത്തിവെച്ച്, വാഹനങ്ങൾ റോഡരികിലേക്ക് ചേർന്ന് പോവാതിരിക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ച ശേഷമാണ് പ്രവൃത്തി പുനരാരംഭിച്ചത്.
മേയ് 25-നാണ് ഗാബിയോൺ നെറ്റും ജിയോഗ്രിഡും പാകി എട്ടാംവളവിൽ സംരക്ഷണഭിത്തി നിർമാണം തുടങ്ങിയത്. മഴ മാറിയശേഷം കരാറുകാർ പ്രവൃത്തി ത്വരപ്പെടുത്തിയതോടെ പതിന്നാല് അടുക്കുകളിലായി നിർമിക്കുന്ന ഗാബിയോൺ ഭിത്തിയുടെ എഴുപത് ശതമാനത്തിലധികം ഭാഗം നിലവിൽ കെട്ടിക്കഴിഞ്ഞു. നിലവിൽ എട്ടാംവളവിൽ പ്രവൃത്തി പകുതിയിലധികം പൂർത്തിയായതായി പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം അധികൃതർ വ്യക്തമാക്കുന്നു. റോഡിൽ വിള്ളലുണ്ടായ ഭാഗത്തോടുചേർന്ന് കരിങ്കൽഭിത്തി കെട്ടി ആശങ്കയൊഴിവാക്കും. ഗാബിയോൺ ഭിത്തി കെട്ടിക്കഴിഞ്ഞ പാതയോരത്തെ നല്ലൊരു ശതമാനം സ്ഥലത്തും റോഡിന്റെ ഉയരത്തിൽ മണ്ണ് നിറച്ചു കഴിഞ്ഞു. ബാക്കിയുള്ള ഭാഗത്തെ ഭിത്തിനിർമാണവും വളവിന് മുകൾഭാഗത്തെ നിർമാണപ്രവൃത്തിയും കഴിഞ്ഞ് റോഡ് ടാർചെയ്താൽ എട്ടാം വളവിലെ നിർമാണം പൂർത്തിയാകും. അതേസമയം ആറാംവളവിൽ നിലമൊരുക്കൽപ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല. ഏഴാം വളവിലാവട്ടെ മരംമുറി മാത്രമാണ് ഇതുവരെ നടന്നത്.
ഇപ്പോഴത്തെ നിർമാണവേഗം കണക്കാക്കുമ്പോൾ ഒന്നരവർഷത്തെ കാലാവധിയുള്ള പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള സാധ്യത വിരളമാണ്. അതിനാൽത്തന്നെ ഇനിയുള്ള പ്രവൃത്തികളെങ്കിലും വേഗത്തിലാക്കാൻ ജനപ്രതിനിധികളും ജില്ലാഭരണകൂടവും പൊതുമരാമത്ത് വകുപ്പുമെല്ലാം ക്രിയാത്മക ഇടപെടൽ നടത്തേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































