കാസർഗോഡ്: ചരിത്രശേഷിപ്പുകൾ ഏറെയുണ്ടെങ്കിലും സ്വന്തമായൊരു മ്യൂസിയമില്ലാതെ കാസർകോട് ജില്ല. വിവിധ കാലഘട്ടങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളും ചരിത്രരേഖകളും ഡൽഹി മുതൽ കോഴിക്കോട് വരെയുള്ള വൈവിധ്യമാർന്ന കേന്ദ്രങ്ങളിലാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിനാൽ ജില്ലയുടെ സമ്പന്നമായ ചരിത്രപൈതൃകം ഒരിടത്തു കണ്ടറിയാൻ ചരിത്രാന്വേഷകർക്കോ ഗവേഷകർക്കോ സാധിക്കാത്ത അവസ്ഥയാണുള്ളത്.
നീലേശ്വരം രാജകൊട്ടാരം, കല്യോട്ട് കഴകം തുടങ്ങിയ വിവിധ കോവിലകങ്ങളിൽ നിന്നും തറവാടുകളിൽ നിന്നും ലഭിച്ച അപൂർവ ചരിത്രവസ്തുക്കൾ, താളിയോലകൾ, രാമചരിതമാനസം ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളുടെ പകർപ്പുകൾ എന്നിവ നിലവിൽ കാലിക്കറ്റ് സർവകലാശാലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബേക്കൽ, കുമ്പള കോട്ടകളിൽ കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകൾ നടത്തിയ ഖനനത്തിലൂടെ ലഭിച്ച ശേഷിപ്പുകൾ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലാണ് ഉള്ളത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ജില്ലയിൽ നിന്ന് കണ്ടെത്തിയ മഹാശിലായുഗ ശേഷിപ്പുകളും സമാനരീതിയിൽ ചിതറിക്കിടക്കുകയാണ്. ചെറുവത്തൂർ തിമിരിയിൽ നിന്ന് ലഭിച്ച കല്ലുകൊണ്ടുള്ള അപൂർവ മഴു കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ പഴശ്ശിരാജാ പുരാവസ്തു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എ.സി. കണ്ണൻ നായരുടെ ഡയറിക്കുറിപ്പുകൾ അടക്കമുള്ള സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രമുഖ ചരിത്രരേഖകൾ ഡൽഹിയിലെ ദേശീയ മ്യൂസിയത്തിലാണുള്ളത്.
ഈ സാഹചര്യത്തിൽ, ബേക്കൽ കോട്ടയ്ക്കുള്ളിലെ പഴയ ട്രാവലേഴ്സ് ബംഗ്ലാവ് കെട്ടിടം നവീകരിച്ച് മ്യൂസിയമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. സംസ്ഥാന പുരാവസ്തു-വിനോദസഞ്ചാര വകുപ്പുകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംയുക്തമായി ഇടപെട്ട് മറ്റു കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ശേഷിപ്പുകൾ ജില്ലയിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സാധ്യമായാൽ വിദേശത്ത നിന്നും സ്വദേശത്തു നിന്നും ബേക്കലിലെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികൾക്ക് മുന്നിൽ കാസർകോടിന്റെ ചരിത്രപൈതൃകം നേരിട്ട് പകർന്നുനൽകാൻ സാധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































