മുക്കം: നിർമാണം പാതിവഴിയിൽ നിലച്ച കുറ്റിപ്പാലയിലെ ഫ്ലാറ്റ് സമുച്ചയം എട്ടുമാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജലവിഭവ- ഭവനനിർമാണ മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ അറിയിച്ചു. സി.കെ. കാസിം എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2020-21 വർഷത്തെ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി ആറുകോടിയോളം രൂപ ചെലവഴിച്ചാണ് 44 കുടുംബങ്ങൾക്ക് താമസസൗകര്യമൊരുക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം സംസ്ഥാന ഹൗസിങ് ബോർഡ് ആരംഭിച്ചത്.
നിർമാണം നീണ്ടുപോയതോടെ നിരവധി കുടുംബങ്ങളാണ് നിലവിൽ വാടകവീടുകളിൽ കഴിയുന്നത്. മുക്കം നഗരസഭയിലെ കുറ്റിപ്പാല രാജീവ് ഗാന്ധി നഗറിന് സമീപം നിർമിക്കുന്ന മൂന്നുനില ഫ്ലാറ്റ് സമുച്ചയത്തിൽ മുക്കം നഗരസഭയിലെ 27 കുടുംബങ്ങൾക്കും കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കുമാണ് താമസമൊരുക്കുന്നത്.
ടൈൽസ് വിരിക്കുന്നതടക്കം പദ്ധതിയുടെ 78 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ടെങ്കിലും, ബാക്കി പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വരുത്തിയ വീഴ്ചയെത്തുടർന്ന് കരാർ 'റിസ്ക് ആൻഡ് കോസ്റ്റിൽ' റദ്ദാക്കുകയായിരുന്നു. തുടന്ന് ആഗസ്റ്റ് 24-ന് ക്ഷണിച്ച ടെൻഡറിൽ ആരും പങ്കെടുത്തില്ലെങ്കിലും, സെപ്റ്റംബർ 14-ലെ പുനർ ടെൻഡറിൽ ഒരാൾ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ മൂല്യനിർണയം കോഴിക്കോട് മേഖലാ ഓഫീസിൽ പുരോഗമിക്കുകയാണെന്നും പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2027 മേയ് മാസത്തോടെ നിർമാണം പൂർത്തിയാക്കി ജൂണിൽ ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് കൈമാറാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കാടുകയറി തെരുവുനായ്ക്കളുടെയും സമൂഹവിരുദ്ധരുടെയും താവളമായി മാറിയ സമുച്ചയം പൂർത്തിയാകുന്നതോടെ പ്രദേശത്തെ യാത്രാ-സുരക്ഷാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































