കോഴിക്കോട്: ഒരുവർഷം മുൻപ് സെൻട്രൽ മാർക്കറ്റ് കെട്ടിടം പൊളിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും അത് രേഖപ്പെടുത്താൻ വിട്ടുപോയതിനാൽ അജൻഡ വീണ്ടും കൗൺസിലിന്റെ പരിഗണനയിൽ വന്നു. അന്ന് തീരുമാനം രേഖപ്പെടുത്താത്തതിനാൽ സർക്കാരിലേക്ക് അയക്കാനും കഴിഞ്ഞിരുന്നില്ല. മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ കൗൺസിൽ യോഗമാണ് വിഷയത്തിൽ വീണ്ടും തീരുമാനമെടുത്തത്. സെൻട്രൽ മാർക്കറ്റ് കെട്ടിടം പണിയുന്നതിനായി 55.17 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള കെട്ടിടം അധികം കാലപ്പഴക്കമില്ലാത്തതാണെന്നിരിക്കെ, അത് പൊളിച്ചുമാറ്റി സർക്കാർ അനുമതിക്കായി അയക്കാനുള്ളതായിരുന്നു ഇന്നത്തെ അജൻഡ.
കഴിഞ്ഞ കൗൺസിൽ കാലത്ത് 2025 ജൂലായ് 15-ന് ചേർന്ന യോഗത്തിൽ വിഷയം വന്നതാണെന്നും അന്ന് പാസാക്കിയ അജൻഡ വീണ്ടും വന്നതെന്തിനാണെന്നും കൗൺസിൽ യോഗത്തിൽ വിശ്വനാഥൻ പുതുശ്ശേരി ചോദിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്ന് പാസാക്കിയ അജൻഡയിലെ തീരുമാനം മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ സർക്കാരിലേക്ക് അയച്ചിട്ടില്ലെന്നും വ്യക്തമായത്. കെട്ടിടം പൊളിക്കൽ, മാർക്കറ്റിലെ തൊഴിലാളികൾക്കായുള്ള പദ്ധതി സ്വകാര്യസ്ഥലത്തായതിനാൽ അതിനുള്ള അനുമതി, മൂല്യം കണക്കാക്കി സംസ്ഥാന തീരദേശവികസന കോർപ്പറേഷന് അയച്ചുനൽകുന്നതിന് മുൻകൂർ അനുമതി നൽകിയതിന്റെ സാധൂകരണം എന്നിവയായിരുന്നു 2025 ജൂലായിൽ സെൻട്രൽ മാർക്കറ്റുമായി ബന്ധപ്പെട്ടുവന്ന പ്രധാന അജൻഡകൾ. എന്നാൽ ഇതിൽ മുൻകൂർ അനുമതിയുടെ വിഷയംമാത്രമാണ് രേഖപ്പെടുത്തിയതെന്ന് സൂപ്രണ്ടിങ് എൻജിനിയർ കെ.എൻ. ബിജോയ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഒരുവർഷം മുൻപുള്ള സുപ്രധാന തീരുമാനം സർക്കാരിലേക്ക് പോയില്ല.
സർക്കാർ അംഗീകാരം ലഭിച്ചുവരേണ്ട സമയമായെന്നും ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകരുതായിരുന്നെന്നും എസ്.കെ. അബൂബക്കർ അഭിപ്രായപ്പെട്ടു. അന്നുള്ളവർ തീരുമാനം രേഖപ്പെടുത്തുന്നത് വിട്ടുപോയതാണെന്നും അത് പാടില്ലായിരുന്നുവെന്നും മേയർ വ്യക്തമാക്കി. കാലപ്പഴക്കമില്ലാത്ത കെട്ടിടം എന്ന് അജൻഡയിൽ രേഖപ്പെടുത്തിയാൽ അനുമതി കിട്ടാൻ തടസ്സമുണ്ടാകുമെന്ന് എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ ചൂണ്ടിക്കാണിച്ചു. 2002-ൽ നിർമിച്ച കെട്ടിടമാണെന്നും പരമാവധി 30-35 വർഷത്തെ ആയുസ്സേ ഉണ്ടാകൂവെന്നും സൂപ്രണ്ടിങ് എൻജിനിയർ വ്യക്തമാക്കി. കെട്ടിടം സമീപകാലത്തുതന്നെ ബലക്ഷയം വന്നുചേരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രകാലമായിട്ടും പണിതുടങ്ങാത്തതിനാൽ ഫണ്ട് നഷ്ടമാകുമോയെന്ന് ടി. രനീഷ് ആശങ്ക പ്രകടിപ്പിച്ചു. സ്ഥലം എം.എൽ.എ.തന്നെ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും കോർപ്പറേഷൻ പ്രതിനിധികളും എം.എൽ.എ.യും തിരുവനന്തപുരത്ത് പോയി കാര്യങ്ങൾ ചർച്ച ചെയ്ത് അന്തിമ തീരുമാനമാക്കുമെന്നും മേയർ മറുപടി നൽകി. കെട്ടിടനവീകരണവുമായി ബന്ധപ്പെട്ട് ചില വ്യാപാരികൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിട്ടുണ്ടോ എന്ന് ടി.പി.എം. ജിഷാൻ ചോദിച്ചപ്പോൾ, നിലവിൽ ഔദ്യോഗികമായി സ്റ്റേയൊന്നുമില്ലെന്ന് മേയർ വ്യക്തമാക്കി. അതേസമയം കേസ് തീർന്നിട്ടില്ലെന്നും സ്റ്റേ തുടരുന്നുണ്ടെന്നുമാണ് കച്ചവടക്കാർ സൂചിപ്പിക്കുന്നതെന്നും യോഗത്തിൽ ചർച്ചയുണ്ടായി. ഇതിനിടെ, നിർമലം ശുചിത്വപ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും കൗൺസിൽ അംഗീകരിച്ചു. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. രാജീവ്, നമ്പിടി നാരായണൻ, കെ.സി. ശോഭിത തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































