പെരുവണ്ണാമൂഴി: മലയോര ഹൈവേ നിർമാണം തടസ്സപ്പെട്ട ചക്കിട്ടപാറ ടൗണിൽ റോഡിന്റെ വീതി നിർണയിക്കുന്നതിനായി അഞ്ചാം തവണയും താലൂക്ക് സർവേ വിഭാഗത്തിന്റെ അളവെടുപ്പ് നടന്നു. വീതി സംബന്ധിച്ച് കഴിഞ്ഞ ഒരുവർഷമായി തുടരുന്ന തർക്കം പരിഹരിക്കപ്പെടാത്തതാണ് വീണ്ടും സർവേ നടത്തുന്നതിലേക്ക് നയിച്ചത്. മലയോര ഹൈവെയുടെ പെരുവണ്ണാമൂഴി-ചെമ്പ്ര റീച്ചിലെ നിർമാണ പ്രവൃത്തികളാണ് ചക്കിട്ടപാറ ടൗണിലെ തർക്കം കാരണം ടാറിങ് പൂർത്തിയാക്കാനാകാതെ നീണ്ടുപോകുന്നത്. ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
12 മീറ്റർ വീതിയിലാണ് മലയോര ഹൈവേയുടെ നിർമാണം ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ ഇത്രയും വീതിയിൽ ചക്കിട്ടപാറ ടൗണിൽ സ്ഥലം കണ്ടെത്തുന്നത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. മുൻകാലങ്ങളിൽ റോഡ് നിർമിച്ച സമയത്ത് തന്നെ 12 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിരുന്നുവെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. എന്നാൽ പഴയ സ്കെച്ച് പ്രകാരം പരിശോധിച്ചപ്പോൾ എല്ലാ സ്ഥലത്തും 12 മീറ്റർ വീതിയില്ലെന്ന് പുതിയ സർവേയിലും വ്യക്തമായിട്ടുണ്ട്. ചില ഭാഗങ്ങളിൽ 7.90 മീറ്റർ മാത്രമാണ് നിലവിൽ വീതിയുള്ളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറും. അതേസമയം, പലതവണ അളന്നപ്പോഴും വ്യത്യസ്ത രീതിയിലാണ് അടയാളപ്പെടുത്തലുകൾ ഉണ്ടായതെന്നും ഏതാണ് കൃത്യമായ അളവെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
താലൂക്ക് വികസനസമിതിയിൽ ഉൾപ്പെടെ വിഷയം ചർച്ചയായതിനെ തുടർന്നാണ് കൊയിലാണ്ടി തഹസിൽദാർ വി. ബിന്ദുവിന്റെ നിർദേശപ്രകാരം പുതിയ അളവെടുപ്പ് നടത്തിയത്. താലൂക്ക് സർവേയർമാരായ ശ്യാംകൃഷ്ണൻ, ബി. ലിബീഷ്, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വി.പി. വിജയകൃഷ്ണൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ചക്കിട്ടപാറ ടൗണിൽ 260 മീറ്ററും ചെമ്പ്ര ടൗണിൽ 100 മീറ്ററുമാണ് തർക്കം കാരണം ടാറിങ് നടത്താനാകാതെ കിടക്കുന്നത്. മറ്റിടങ്ങളിലെല്ലാം ഓവുചാൽ നിർമാണം പൂർത്തിയാക്കി ആദ്യഘട്ട ടാറിങ് പൂർത്തിയായിട്ടുണ്ട്.
റോഡിന്റെ വീതി നിർണയിക്കാൻ റവന്യൂ സ്കെച്ച് അടിസ്ഥാനമാക്കി അളവെടുക്കണമെന്നായിരുന്നു കോടതിയെ സമീപിച്ചവരുൾപ്പെടെ പഞ്ചായത്ത് വിളിച്ചുചേർത്ത ചർച്ചയിൽ ഉന്നയിച്ച പ്രധാന ആവശ്യം. നിർമാണം മുടങ്ങിക്കിടക്കുന്ന ഭാഗങ്ങളിൽ പഴയ റോഡ് പൂർണ്ണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് വെള്ളക്കെട്ടും വേനലിൽ രൂക്ഷമായ പൊടിശല്യവും പ്രദേശവാസികൾക്ക് വലിയ ദുരിതമാകുന്നു. വ്യാപാരികളുടെ പരാതിയെ തുടർന്ന് മുൻപ് കുഴിയെടുത്ത ഭാഗങ്ങളിൽ അഴുക്കുചാൽ നിർമിക്കാനോ താത്കാലികമായി മണ്ണിട്ട് മൂടാനോ അധികൃതർ തയ്യാറാകാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോടതി കേസ് നിലനിൽക്കുന്നതാണ് കാരണമെന്നാണ് അധികൃതർ വിശദീകരിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടുത്തിടെയാണ് ഇവിടെ താത്കാലികമായി മണ്ണിട്ട് കുഴികൾ മൂടിയത്. ഈ ഭാഗത്ത് ഇനി ഓവുചാൽ നിർമാണം കൂടി പൂർത്തിയാകേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































