തിരുവമ്പാടി: രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തോട്ടിൽ തള്ളാറുള്ള ലോറി ഒടുവിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ തിരുവമ്പാടി യു.സി. മുക്കിൽനിന്ന് പോലീസിനെ വെട്ടിച്ചുരക്ഷപ്പെട്ട ലോറിയാണ് തിരുവമ്പാടി എസ്.എച്ച്.ഒ. ഇ.കെ. രമ്യ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളാണെന്ന് പറഞ്ഞ് കീഴടങ്ങി പോലീസിനെ കബളിപ്പിച്ചതുൾപ്പെടെ കേസ് അട്ടിമറിക്കാനുള്ള നാടകീയരംഗങ്ങളും അരങ്ങേറി. ഇതുമായി ബന്ധപ്പെട്ട് മഞ്ചേരി ആനക്കയം വടക്കേമേലെമണ്ണിൽ കൂരിമണ്ണിൽ അനീസ് (47), മഞ്ചേരി ഇരുമ്പുഴി കപ്പാട്ട് പാലംപടിയത്ത് നവാസ് ശരീഫ് (38) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. പോലീസിനെ വെട്ടിച്ചു വാഹനംപോയ ഊടുവഴികൾ ഉൾപ്പെടെയുള്ള റൂട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയിലെ വൈരുധ്യമാണ് യഥാർഥ പ്രതികളല്ല ഇവർ എന്ന് തെളിയിച്ചത്. യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ പോലീസിനെ കബളിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
രാവിലെ മഞ്ചേരിയിൽനിന്ന് കസ്റ്റഡിയിലെടുത്ത വണ്ടി തിരുവമ്പാടിയിലേക്ക് കൊണ്ടുവരവേ തൊണ്ടിമ്മലിൽ വെച്ച് കേടാവുകയും റോഡരികിൽ നിർത്തിയിടുകയും ചെയ്തു. സംഭവം നാട്ടുകാർ അറിഞ്ഞതോടെ സംഘടിച്ചെത്തി വാഹനത്തിനുനേരെ ആക്രമണമുണ്ടായി. നിർത്തിയിട്ട ലോറിയുടെ ചില്ലുകൾ നാട്ടുകാർ എറിഞ്ഞുതകർത്തു. കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർ പ്ലേറ്റില്ലാത്ത ലോറിയെ എസ്.ഐ. അനന്തുവും ഡ്രൈവർ അനൂപും രാത്രി മണിക്കൂറിലേറെ സമയം അതിസാഹസികമായി പിന്തുടർന്നെങ്കിലും നിലമ്പൂരിൽവെച്ച് അപ്രത്യക്ഷമാകുകയായിരുന്നു.
പോലീസിന് പിന്നാലെ പലയിടങ്ങളിലും നാട്ടുകാരും ബൈക്കുകളിലും കാറുകളിലുമായി ലോറിയെ പിന്തുടർന്നിരുന്നു. ഡ്രൈവറുടെ ചിത്രം പകർത്തിയെങ്കിലും അവ്യക്തമായിരുന്നു. തുടർന്ന് തിരുവമ്പാടി പോലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ ഊർജിതാന്വേഷണത്തിലാണ് ഒടുവിൽ വണ്ടി പിടികൂടാനായത്. തിരുവമ്പാടി-മുക്കം റോഡിൽ തൊണ്ടിമ്മൽ മരക്കാട്ടുപുറം തോട്ടിൽ ഉൾപ്പെടെ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.
ജനവാസകേന്ദ്രത്തിലൂടെ കടന്നുപോകുന്ന തോട് മലിനമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് പോലീസ് പട്രോളിങ് ഊർജിതമാക്കിയത്. റോഡരികിൽ കേടായി നിർത്തിയിട്ടിരിക്കുന്നത് കക്കൂസ് മാലിന്യം തള്ളിയ വണ്ടിയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ ജനപ്രതിനിധികളോടൊപ്പം എത്തുകയും തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































