തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തുലാവർഷം ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് ബാധകമായിരിക്കും. തുടർ ദിവസങ്ങളിലും ചില ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക, ഇവയ്ക്ക് സമീപം നിൽക്കാതിരിക്കുക, കെട്ടിടത്തിനകത്ത് തന്നെ തുടരുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക, മിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവ പാലിക്കേണ്ടതാണ് (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല). അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കളിക്കുന്നത് ഒഴിവാക്കണം. മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുകയും കൈകാലുകൾ പുറത്തിടാതിരിക്കുകയും ചെയ്യുക; വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടര് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക, കാരണം പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. മേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനവും ബോട്ടിങ്ങും നിർത്തി അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ബോട്ടിന്റെ ഡെക്കിൽ നിൽക്കുന്നതും ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കുക. പട്ടം പറത്തുന്നതും ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പുകളിലോ ഇരിക്കുന്നതും ഒഴിവാക്കണം. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്; മഴമേഘം കാണുന്ന സമയത്ത് അവയെ അഴിക്കാനോ മാറ്റി കെട്ടാനോ പോകുന്നത് മിന്നലേൽക്കാൻ കാരണമായേക്കാം. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധം തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്ത് വെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക. മിന്നലിൽ നിന്ന് സുരക്ഷിതമാകാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കുകയും വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കുകയും ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളായതിനാൽ ഉടൻ തന്നെ വൈദ്യസഹായം എത്തിക്കണം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































