കോഴിക്കോട്: പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾക്ക് ജീവൻവെച്ചു. തറക്കല്ലിട്ട് ഒരു വർഷമായിട്ടും പണി തുടങ്ങാത്തതിനാൽ ഫണ്ട് നഷ്ടമാകുമെന്ന സ്ഥിതിയുണ്ടായിരുന്നു. ആ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പണി വേഗത്തിലാക്കിയത്. 2025 നവംബറിൽ തറക്കല്ലിട്ടശേഷം ഒന്നുംചെയ്തില്ലെന്നും കേന്ദ്രഫണ്ട് വേറെ ജില്ലയിലേക്ക് പോകുന്ന സ്ഥിതിയുണ്ടായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, കച്ചവടക്കാരെ മാറ്റാമെന്ന് കോർപ്പറേഷൻ രേഖാമൂലം അറിയിച്ചതോടെ ഇനി അത്തരം പ്രശ്നമുണ്ടാകില്ലെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ 55.17 കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് പുതിയ മാർക്കറ്റ് പണിയുന്നത്. ഇതിൽ 33.10 കോടിയാണ് കേന്ദ്രത്തിന്റെ ഫണ്ട്. ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കച്ചവടക്കാരെ മാറ്റുമെന്ന് രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ടെന്നും ഫണ്ട് നഷ്ടമാവില്ലെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.
മത്സ്യക്കച്ചവടം നടത്തുന്നവരെ ആദ്യം മാറ്റാനാണ് ആലോചന. മാർക്കറ്റിന് എതിർവശം കോർട്ട്റോഡിന് അരികിലായി നേരത്തേതന്നെ കോർപ്പറേഷൻ 50 സെന്റ് സ്ഥലം വാടകയ്ക്കെടുത്തിരുന്നു. ലോറികൾ നിർത്തുന്നതിന് സമീപത്തുള്ള 18 സെന്റിലും സൗകര്യമൊരുക്കും. മീൻപെട്ടികൾ വെക്കുന്ന സ്ഥലം ഇതിനായി ഒഴിവാക്കും. ഇവ ലോറി നിർത്തുന്ന സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. നേരത്തേ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന, പിന്നീട് മാലിന്യനിക്ഷേപകേന്ദ്രവുമായ സ്ഥലം വൃത്തിയാക്കി കോൺക്രീറ്റ് ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാവുമെന്ന് കോർപ്പറേഷൻ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ കെ. രാജീവ് പറഞ്ഞു. കച്ചവടക്കാരും തൊഴിലാളികളുമെല്ലാമായി മാർക്കറ്റിൽ അഞ്ഞുറോളംപേരുണ്ട്. മാറുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മാർക്കറ്റിലെ കച്ചവടക്കാരനായ പി. ജമാൽ പറഞ്ഞു. പച്ചമീൻ ചില്ലറ വിൽപ്പന, ഉണക്കമീൻ മൊത്ത-ചില്ലറ കച്ചവടം, ഇറച്ചിക്കച്ചവടം, മത്സ്യലേലം, ആദ്യനിലയിൽ ഡോർമെറ്ററി, ശീതീകരിച്ച മീൻമാർക്കറ്റ്, ലാബ്, രണ്ടാംനിലയിൽ ഭക്ഷണകേന്ദ്രം എന്നിവയെല്ലാമുള്ളതാണ് പുതിയ മാർക്കറ്റ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































