ന്യൂഡൽഹി: സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചു. നിലവിൽ കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായും ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും നിയമിച്ചിട്ടുണ്ട്. ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവാണ്. 2008-ൽ രാജസ്ഥാനിൽ ബിജെപി സംസ്ഥാന പ്രസിഡന്റായ അദ്ദേഹം, പിന്നീട് പാർട്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗമാവുകയും ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. 1989 മുതൽ 2024 വരെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. 2008-ലും 2016-ലും രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തിയ മാഥൂറിനെ 2024-ലാണ് സിക്കിം ഗവർണറായി നിയമിച്ചത്.
രാജസ്ഥാനിൽ ബിജെപിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മാഥൂറിന്റെ പേര് ഉയർന്നുകേട്ടിരുന്നു. താൻ ഒരു സ്ഥാനാർഥിയുടെ പേര് തീരുമാനിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും അത് മാറ്റാനാകില്ലെന്ന് അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബിജെപിക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്നതോടെ, തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































