കോഴിക്കോട്: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ട് രണ്ടുമാസമായി മുടങ്ങിയത് വിദ്യാർത്ഥികളെയും അധ്യാപകരെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഉച്ചഭക്ഷണത്തിനുള്ള സംസ്ഥാന സർക്കാർ വിഹിതം ഇതുവരെ സ്കൂളുകൾക്ക് ലഭിച്ചിട്ടില്ല. അധിക ന്യൂട്രീഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകേണ്ട പാൽ, മുട്ട വിതരണത്തിനുള്ള തുകയും വൈകുന്നുണ്ട്. ഇതോടെ കുട്ടികളുടെ അന്നം മുടങ്ങാതിരിക്കാൻ പല സ്കൂളുകളിലെയും അധ്യാപകർ കടം വാങ്ങിയും സ്വന്തം കയ്യിൽനിന്ന് പണം നൽകിയുമാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
പദ്ധതിക്കായുള്ള തുക കാലാനുസൃതമായി ഉയർത്താത്തതും വലിയ തിരിച്ചടിയായിട്ടുണ്ട്. പാചകവാതകം, അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയുടെയെല്ലാം വില കുതിച്ചുയർന്നിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച തുച്ഛമായ തുക തന്നെയാണ് ഇപ്പോഴും നൽകുന്നത്. പാലിന്റെ വില നാല് രൂപയോളം വർധിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ദിവസം 6.19 രൂപയും ആറ് മുതൽ എട്ട് വരെയുള്ളവർക്ക് 9.29 രൂപയുമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഈ തുക അപര്യാപ്തമാണെന്നും എത്രയും പെട്ടെന്ന് വർധിപ്പിക്കണമെന്നുമാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
കൂടാതെ, ബാങ്ക് മുഖേന സ്കൂൾ അധികൃതർ നേരിട്ട് ഉച്ചഭക്ഷണ ഫണ്ട് കൈപ്പറ്റിയിരുന്ന പഴയ രീതി മാറ്റി, ചെലവഴിച്ച തുകയുടെ ബില്ലുകൾ പാസാക്കാൻ ട്രഷറിയിൽ കയറിയിറങ്ങേണ്ടി വരുന്നതും അധ്യാപകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഫണ്ട് കുടിശികയാകുന്ന ഈ സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അധ്യാപക സംഘടനകളും പ്രധാനാധ്യാപകരും ആവശ്യപ്പെടുന്നു. സപ്ലൈകോ വഴി ലഭിക്കുന്ന അരി മാത്രമാണ് നിലവിൽ പദ്ധതിക്ക് ആശ്വാസമായിട്ടുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































