ഓർക്കാട്ടേരി: ഓർക്കാട്ടേരിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വൻ തീപ്പിടിത്തത്തിൽ ഒരുകോടിയോളം രൂപയുടെ നഷ്ടം. ഇവ ബ്രെഡ് ഫാൻസി ആൻഡ് ഫുട് വെയർ സ്ഥാപനത്തിലാണ് കാര്യമായ നാശനഷ്ടമുണ്ടായത്. ഇടിമിന്നലിനെത്തുടർന്ന് സി.സി.ടി.വി. കേബിളിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപ്പിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ഏറാമല സ്വദേശി ശർഷാദിന്റെയും മാങ്ങാട്ടുപാറ സ്വദേശി അമിന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാധനങ്ങൾ ഏതാണ്ട് പൂർണമായും കത്തിനശിച്ചു.
കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലാണ് കാര്യമായ നഷ്ടമുണ്ടായത്. രണ്ടാംനിലയിലെ വിൽപ്പനശാലയിലും മൂന്നാംനിലയിലെ ഗോഡൗണിലുമുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഫാൻസി സാധനങ്ങൾ, ഫുട് വെയർ എന്നിവയുടെ വൻശേഖരവും ഫർണിച്ചറുകളും ഇൻ്റീരിയറുമെല്ലാം പൂർണ്ണമായി കത്തിനശിച്ചു. എന്നാൽ, താഴത്തെനിലയിലേക്ക് തീപടരാതെ തടയാനായത് ആഘാതം കുറച്ചു. ഇവിടെയുള്ള ഏറാമല സഹകരണബാങ്ക്, നീതി മെഡിക്കൽ സ്റ്റോർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആർ.ആർ. ഫ്രൂട്ട്സ് സ്റ്റാൾ എന്നിവിടങ്ങളിൽ തീപിടിച്ചില്ലെങ്കിലും, തീയണയ്ക്കുമ്പോൾ ഷട്ടർ വഴി വെള്ളം ഉള്ളിലേക്കുകയറി നാശനഷ്ടമുണ്ടായി. ഫ്രൂട്ട്സ് കടയിൽ മാത്രം 25,000 രൂപയുടെ നഷ്ടമുണ്ട്. മൂന്നുനില കെട്ടിടത്തിനും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. വെളിച്ചക്കുറവ് കാരണം വെള്ളിയാഴ്ച പൂർത്തിയാക്കാൻ കഴിയാത്ത പോലീസിന്റെ ഫൊറൻസിക് പരിശോധന ശനിയാഴ്ചയും തുടരും.
തീപ്പിടിത്തസമയത്ത് അഗ്നിരക്ഷാസേനയ്ക്ക് വെള്ളമെടുക്കാൻ തുണയായത് വടകര-മാഹി കനാലാണ്. പ്രദേശത്ത് ജല അതോറിറ്റിയുടെ ഫയർ ഹൈഡ്രന്റ് സംവിധാനമില്ലാത്തതിനാൽ കളിയാംവെള്ളി പാലത്തിനരികിലേക്ക് പോയാണ് യൂണിറ്റുകൾ വെള്ളംനിറച്ചത്. സേനയെത്തി മിനിറ്റുകൾക്കുള്ളിൽ വെള്ളംതീർന്നത് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കി. എന്നാൽ നല്ല തീയായതിനാൽ മിനിറ്റിൽ 2,850 ലിറ്റർ വെള്ളം പുറന്തള്ളേണ്ടിവന്നതുകൊണ്ടാണ് ടാങ്കിലെ വെള്ളം പെട്ടെന്ന് തീർന്നതെന്ന് സേന വ്യക്തമാക്കി. തുടർന്ന് നാദാപുരം, പാനൂർ, തലശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്നുകൂടി യൂണിറ്റുകളെത്തി മൊത്തം എട്ട് യൂണിറ്റുകളിലായി അമ്പതോളം ജീവനക്കാർ തീയണയ്ക്കാൻ നേതൃത്വം നൽകി. കോൾ ലഭിച്ച് ഒരുമിനിറ്റിനുള്ളിൽത്തന്നെ സേന പുറപ്പെട്ടിരുന്നുവെന്നും ഒൻപതുമണിയോടെ സ്ഥലത്തെത്തിയെന്നും വടകര അഗ്നിരക്ഷാസേനാ അധികൃതർ വ്യക്തമാക്കി. ജില്ലാ റീജണൽ ഫയർ ഓഫീസർ രഞ്ജിത്ത് കുമാർ രാത്രിതന്നെ സ്ഥലം സന്ദർശിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































