കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. എസ്.എഫ്.ഐ., എൻ.എസ്.യു.ഐ., എം.എസ്.എഫ്. സംഘടനകളുടെ ഭാരവാഹികളായ വിദ്യാർത്ഥികൾക്കെതിരെ 14 ദിവസത്തേക്കാണ് സർവകലാശാല നടപടി സ്വീകരിച്ചത്. സംഭവത്തിൽ 25 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.
രണ്ടു ദിവസമായി നടന്ന വന്ദേമാതരം സെമിനാറിൽ ആർ.എസ്.എസ്. നേതാവിനെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ ഹാളിലേക്ക് ഇരച്ചുകയറിയത്. 'ആർ.എസ്.എസ്. ഗോ ബാക്ക്', 'ആസാദി' മുദ്രാവാക്യങ്ങൾ മുഴക്കുകയും കൂക്കിവിളിക്കുകയും ഷൂ ഉയർത്തുകയും ചെയ്തതോടെ സെമിനാർ പ്രസന്റേഷൻ നിർത്തിവെക്കേണ്ടി വന്നു. അതേസമയം, 'വന്ദേമാതരം' മുദ്രാവാക്യം വിളികളോടെ എ.ബി.വി.പി. പ്രവർത്തകർ സെമിനാറിന് പിന്തുണയുമായി രംഗത്തെത്തി.
സർവകലാശാലയെ പൂർണമായും കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എ.ബി.വി.പി., ആർ.എസ്.എസ്. നേതാക്കളെ മാത്രം ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിച്ചതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. ആർ.എസ്.എസ്. നേതാവിന്റെ പങ്കാളിത്തത്തെ എതിർത്തതിനെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിച്ച് പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളാക്കാനാണ് ശ്രമം നടക്കുന്നത്. കേസെടുത്താലും ജയിലിലടച്ചാലും സർവകലാശാലയിലെ കാവിവൽക്കരണത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































