കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ കാലതാമസമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദേശം. പി.കെ. ഫിറോസ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ചേർന്ന അവലോകനയോഗത്തിലാണ് നിർമാണ പുരോഗതി വിലയിരുത്തിയത്. മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായതായി വിലയിരുത്തിയ യോഗം, കൂടത്തായി-ആർ.ഇ.സി. റോഡിലെ അവസാനഘട്ട ബി.സി. പ്രവൃത്തികളും റോഡ് മാർക്കിങ്ങും സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. പരപ്പൻപൊയിൽ-കാരക്കുന്നത്ത് റോഡ് നിർമാണം വേഗത്തിലാക്കി മാർച്ച് 31-നകം പൂർത്തിയാക്കാനും ഇതിനായി നാല് കോടി രൂപ അധികമായി അനുവദിക്കാനും എം.എൽ.എ. ആവശ്യപ്പെട്ടു.
3.4 കോടി രൂപ ചെലവിൽ നിർമിക്കുന്ന താമരശ്ശേരി ഗവ. എച്ച്.എസ്.എസ്. കെട്ടിട നിർമാണത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ 'കില'യ്ക്ക് നിർദേശം നൽകി. പദ്ധതിക്കായി പുതുതായി അനുവദിച്ച 99 ലക്ഷം രൂപയുടെ പ്രവൃത്തികൂടി നിലവിലുള്ള നിർമാണത്തിൽ സംയോജിപ്പിക്കുന്നതിനാണ് നിർദേശം. കൂടാതെ, കൊടുവള്ളി സി.എച്ച്.എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറി-അക്കാദമിക് ബ്ലോക്കിനായി കരാറുകാരനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും സ്ഥലത്തിന്റെ അന്തിമ സ്ഥിരീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും യോഗം വ്യക്തമാക്കി.
കൊടുവള്ളി-മാവൂർ-എൻ.ഐ.ടി. റോഡ്, താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കൊടുവള്ളി ജങ്ഷൻ വികസനപദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കി സർക്കാറിന് സമർപ്പിക്കാൻ ആർ.ബി.ഡി.സി.കെ.യ്ക്ക് (RBDCK) യോഗത്തിൽ നിർദേശം നൽകി. കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, ജനറൽ മാനേജർ കെ.എസ്. അജയകുമാർ, സ്റ്റേറ്റ് പ്രോജക്ട് മാനേജർ ടി. രാജീവൻ എന്നിവർക്ക് പുറമെ കെ.ആർ.എഫ്.ബി., കിറ്റ്കോ, കില, ആർ.ബി.ഡി.സി.കെ. ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































