പന്തീരാങ്കാവ്: വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പന്തീരാങ്കാവ് മത്സ്യമാർക്കറ്റ് ഭൂമിയിൽ പുതിയ പദ്ധതിയുമായി ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഭൂമി സർവേ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 2026-27 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുനിലയിൽ പന്തീരാങ്കാവ് സംഭരണ വിതരണകേന്ദ്രം നിർമിക്കാൻ 82 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിവെച്ചിട്ടുള്ളത്. സർവേ നടപടികൾ പൂർത്തിയാക്കി കെട്ടിടത്തിന്റെ ഡിസൈനിങ് ഉൾപ്പെടെ തയ്യാറാക്കിയതിനുശേഷം ടെൻഡർ നടപടികളിലേക്ക് കടക്കും. പുതിയ സംഭരണ-വിതരണകേന്ദ്രം വരുന്നതോടെ പന്തീരാങ്കാവ് പൊതു മത്സ്യമാർക്കറ്റ് പൂർണമായും ഇല്ലാതാകും.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിലും ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥയിലും ശോച്യാവസ്ഥയിലായ മാർക്കറ്റിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പത്തു വർഷത്തിലേറെ പഴക്കമുണ്ട്. മലിനജലവും മഴവെള്ളവും ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ മത്സ്യവിൽപ്പനക്കാർ വർഷങ്ങൾക്ക് മുൻപേ പന്തീരാങ്കാവ് അങ്ങാടിയിലെ സ്വന്തം കെട്ടിടങ്ങളിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. ഇപ്പോൾ ഒരു ചിക്കൻ സ്റ്റാൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അങ്ങാടിയിലും തിരക്കേറിയ റോഡരികിലെ വാഹനങ്ങളിലുമാണ് നിലവിൽ മത്സ്യവിൽപ്പന നടക്കുന്നത്. 2009-10 കാലഘട്ടത്തിൽ ഒളവണ്ണ ഗ്രാമപ്പഞ്ചായത്തും സംസ്ഥാന ശുചിത്വമിഷനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 24 സെൻ്റ് ഭൂമിയിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യമാർക്കറ്റും ബയോഗ്യാസ് പ്ലാൻറും കംഫർട്ട് സ്റ്റേഷനും നിർമിച്ചത്.
2010 ഏപ്രിൽ 22-ന് അന്നത്തെ വ്യവസായമന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തെങ്കിലും ആറുമാസത്തിലേറെ മാർക്കറ്റ് അടഞ്ഞുകിടന്നു. അങ്ങാടിക്ക് പുറംതിരിഞ്ഞുനിൽക്കുന്ന രീതിയിലുള്ള നിർമാണം കാരണം കച്ചവടക്കാർക്കും ജനങ്ങൾക്കും ഒരുപോലെ പ്രയാസമുണ്ടാക്കി. 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബയോഗ്യാസ് പ്ലാൻറ് ചോർച്ചകാരണം തുടക്കം മുതലേ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ലക്ഷങ്ങൾ ചെലവഴിച്ച് പിന്നീട് മാറ്റിസ്ഥാപിച്ചെങ്കിലും ടാങ്ക് പൊട്ടി മാലിന്യം ഒലിച്ചിറങ്ങിയത് വലിയ ദുർഗന്ധത്തിന് ഇടയാക്കി. നിർമിച്ച കംഫർട്ട് സ്റ്റേഷനുകളും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. പുതിയ പദ്ധതി വരുന്നതോടെ അങ്ങാടിയിലെ അഴിച്ചുപണിയില്ലാത്ത മത്സ്യവിൽപ്പന അതേപടി തുടരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































