തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ-മരഞ്ചാട്ടി റോഡിലെ ബദാംചുവട് ഇറക്കത്തിൽ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുട്ടി മരിച്ചു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മലപ്പുറം കാളികാവിൽനിന്ന് കക്കാടംപൊയിൽ സന്ദർശിച്ചു മടങ്ങുകയായിരുന്ന കുടുംബ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാളികാവ് കൂരാട് മാളിയേക്കൽ കുളിപറമ്പൻ ഷഹിൻഷാ-ഷിഫ ദമ്പതിമാരുടെ ഏക മകൻ ആമിഷ് ആദം ആണ് മരിച്ചത്. കുഞ്ഞിന്റെ മാതാവ് ഷിഫ (23) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വരുംദിവസങ്ങളിൽ ഒന്നാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞിന്റെ ദാരുണാന്ത്യം.
സ്ത്രീകളും കുട്ടികളും ഡ്രൈവറുമടക്കം 23 പേർ സഞ്ചരിച്ച ട്രാവലർ കടുപ്പമേറിയ വളവും തിരിവുമുള്ള ഇറക്കത്തിൽ വെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിനോട് ചേർന്ന പറമ്പിലെ മരത്തിൽ ഇടിച്ചുനിന്നതിനാലാണ് വാഹനം വലിയ താഴ്ചയിലേക്ക് പതിക്കാതെ വൻദുരന്തം ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ ഗർഭിണിയായ യുവതിയെ അഗ്നിരക്ഷാസേന സീറ്റ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടവിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേനയും തിരുവമ്പാടി പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ സുലൈമാൻ (53), ഷാനിമോൾ (42), റിഫ (18), തപ്സീറ (30), ഷിഫ (23), സാഹിറ (34), നസ അസ്രിൻ (1), അഹമ്മദ് ഹസാൻ (8), ഇഫ മറിയ (3) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിലും; ബഷീർ (37), റിമാജിയ (25), നൈഹ (4), നിദ നിസാം (12), ഷഹാന ഷെറിൻ (25), ദേശ (25) എന്നിവർ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും; അബ്‌ദുൽ ജലീൽ (52), ഇസ്സ (5), ഹിദ (19), ശിഹാബുദ്ദീൻ (45), നൈഫ (10), ഷെൻസി (2), ഹബീബ്, ഹനീഫ (10), ഇവാൻ (6), ഹുസ്‌ന (38), ഖദീജ (70) എന്നിവർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ച ആമിഷ് ആദത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ പിതാവ് ഷഹിൻഷാ ജിദ്ദയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































