പേരാമ്പ്ര: പ്രവേശനഫീസുകൾ കുത്തനെ കൂട്ടിയിട്ടും വിനോദസഞ്ചാരികൾക്കായി പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാതെ ജാനകിക്കാട് ഇക്കോ ടൂറിസംകേന്ദ്രം അവഗണനയിൽ തുടരുന്നു. വനംവകുപ്പിന് കീഴിലുള്ള കേന്ദ്രത്തിൽ അടിസ്ഥാനസൗകര്യങ്ങളിൽ ഏറെക്കാലമായി കാര്യമായ വികസനം ഉണ്ടാകുന്നില്ലെന്നാണ് സഞ്ചാരികളുടെ പ്രധാന പരാതി. 2008-ൽ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വമാണ് കുറ്റ്യാടിപ്പുഴയുടെ തീരത്ത് മരുതോങ്കര പഞ്ചായത്തിന്റെ അതിർത്തിപ്രദേശത്തുള്ള ഈ വിനോദസഞ്ചാരകേന്ദ്രം നാടിനായി സമർപ്പിച്ചത്.
325 ഏക്കറോളം വിസ്തൃതിയുള്ള ജാനകിക്കാട് അപൂർവ ഔഷധസസ്യങ്ങളാലും ജൈവവൈവിധ്യത്താലും സമ്പുഷ്ടമാണ്. പ്രകൃതിഭംഗി ആസ്വദിച്ച് കാട്ടിലൂടെ രണ്ടുകിലോമീറ്റർ സഞ്ചരിക്കാനായി ദിവസവും ഒട്ടേറെ സഞ്ചാരികളും സ്കൂൾ പഠനയാത്രാ സംഘങ്ങളും ഇവിടെയെത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ടൂറിസം പദ്ധതിയുടെ ഭാഗമായും സഞ്ചാരികൾ എത്തുന്ന കേന്ദ്രത്തിൽ 2024-ൽ മാത്രം 12 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കോടൂറിസം വികസനത്തിനായി 30 ലക്ഷത്തിന്റെ പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും അതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മാക്കാച്ചിക്കാടയെ ഐക്കണാക്കി പ്രധാന കവാടം സ്ഥാപിക്കൽ, കുട്ടികളുടെ പാർക്ക്, വിശ്രമമുറി, വായനശാല, ശൗചാലയം, ഇക്കോഷോപ്പ്, നടപ്പാതനവീകരണം, ചങ്ങാടം തുടങ്ങി നിരവധി നിർദേശങ്ങളാണ് ഈ പദ്ധതിയിലുള്ളത്.
ഉദ്ഘാടനവേളയിൽ പുഴയിൽ മുളംചങ്ങാടവും കാടിനുള്ളിൽ ഏറുമാടവും ഒരുക്കിയിരുന്നെങ്കിലും അവയെല്ലാം തകർന്നിട്ട് വർഷങ്ങളായി. പിന്നീട് കടന്തറപ്പുഴയിലേക്ക് ഇറങ്ങാനായി കൽപ്പടവുകളും നടപ്പാതയും നിർമിച്ചതും, പത്തുലക്ഷം രൂപ ചെലവഴിച്ച് കാടിനകത്തെ രണ്ടു കെട്ടിടങ്ങൾ നവീകരിച്ച് കഴിഞ്ഞവർഷം നെയ്ച്ചർ എജുക്കേഷൻ സെന്റർ സജ്ജമാക്കിയതും മാത്രമാണ് ഇവിടെ നടന്ന ഏക വികസനം. വാഹനപാർക്കിങ്ങിന് പ്രത്യേക സ്ഥലമില്ലാത്തതിനാൽ റോഡരികിലാണ് വാഹനങ്ങൾ നിർത്തുന്നത്. ഇവിടേക്ക് എത്താനുള്ള വഴി വീതികുറഞ്ഞതായതിനാലും പൊതുഗതാഗതമില്ലാത്തതിനാലും സഞ്ചാരികൾ ഏറെ പ്രയാസപ്പെടുന്നു. കൂടാതെ തെരുവുവിളക്കുകളില്ലാത്തതും കാട്ടുപോത്തുകളുടെ സാന്നിധ്യവും വലിയ സുരക്ഷാഭീഷണിയുയർത്തുന്നുണ്ട്.
കഴിഞ്ഞ ജൂണിൽ വനംവകുപ്പ് പ്രവേശനഫീസുകൾ വർധിപ്പിച്ചതോടെ ഇവിടെയും നിരക്കുകൾ കുത്തനെ കൂട്ടി. കുട്ടികൾക്ക് 20-ൽനിന്ന് 25 രൂപയായും, മുതിർന്നവർക്ക് 40-ൽനിന്ന് 50 രൂപയായും, വിദേശികൾക്ക് 100-ൽനിന്ന് 125 രൂപയായുമാണ് നിരക്ക് ഉയർത്തിയത്. നികുതി ഈടാക്കാനുള്ള നിർദേശത്തെത്തുടർന്നാണ് ഫീസ് കൂട്ടിയതെങ്കിലും, പണം നൽകിയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആക്ഷേപം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































