വടകര: ലഹരിക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന 'റിലാക്സ്' (റെസ്റ്റ് ആൻഡ് എന്റർടെയിൻമെന്റ് ഇൻ ലെഷർ ടൈംസ് അറ്റ് കംഫർട്ട് സോൺസ്) പദ്ധതിയിലൂടെ വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കാടുമൂടിയ വഴിയോരം മനോഹരമായ വിശ്രമകേന്ദ്രമായി മാറ്റി. 'വിനോദത്തിന് ഇടം, വിശ്രമത്തിന് ഇടം' എന്ന മുദ്രാവാക്യമുയർത്തി പൂർണമായും ജനകീയ സഹകരണത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്. ആശുപത്രി പരിസരമായതിനാൽ ആളുകൾ വന്നിരിക്കാനും സമയം ചെലവഴിക്കാനും സാധ്യതയേറെയാണെന്നും, ഇത് മേഖലയിലെ ലഹരി ഉപയോഗവും ഇടപാടുകളും തടയാൻ സഹായിക്കുമെന്നുമാണ് കണക്കുകൂട്ടൽ.
വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർപേഴ്‌സണുമായ കെ.എം. ഷൈനിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് കാട് വെട്ടിത്തെളിയിച്ച് സ്ഥലം ഉയർത്തിയത്. തുടർന്ന് ഇന്റർലോക്ക് കട്ടകൾ പാകി ഇരിപ്പിടങ്ങളും പൂച്ചട്ടികളും സ്ഥാപിക്കുകയായിരുന്നു. നാട്ടുകാരായ യുവാക്കൾ ജോലി കഴിഞ്ഞെത്തി രാത്രികാലങ്ങളിലാണ് നിർമാണ സഹായങ്ങൾ ചെയ്തത്. ഇരിപ്പിടങ്ങൾക്ക് തണലേകാൻ സഹകരണ ആശുപത്രി അധികൃതർ കുടകൾ നൽകും. രാത്രി വെളിച്ചത്തിനായി വ്യാപാരികൾ സൗരോർജവിളക്കുകളും, വായനയ്ക്കായി പത്രമാസികകൾ ഒരുക്കാൻ ഓട്ടോഡ്രൈവർമാരും സന്നദ്ധതയറിയിച്ചിട്ടുണ്ട്.
പുതിയ റിലാക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്‌സൺ പി.കെ. ശശി നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. ജിതേഷ് പദ്ധതി വിശദീകരണം നടത്തി. വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. സുനിൽ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. വിനു, സഹകരണ ആശുപത്രി പ്രസിഡന്റ് ആർ. ഗോപാലൻ, അസി. എക്സൈസ് ഇൻസ്പെക്ടർ സി.കെ. ജയപ്രസാദ്, മറ്റ് ജനപ്രതിനിധികൾ, വ്യാപാരികൾ, ഓട്ടോറിക്ഷ ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































